SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.43 AM IST

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരത്തിന്റെ ഓഫീസ്; അവകാശവാദങ്ങൾ തള്ളി കേന്ദ്രവും

READ ENGLISH VERSION
nimishapriya

കോഴിക്കോട്: യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന വാർത്ത പിൻവലിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. എക്സിൽ പങ്കുവച്ച വാർത്തയാണ് പിൻവലിച്ചത്. കാന്തപുരം ഓഫീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇപ്പോൾ നീക്കം ചെയ്തത്. വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദങ്ങൾ തള്ളി കേന്ദ്രവിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു.

നിമിഷപ്രിയയുടെ കേസിൽ ചില വ്യക്തികൾ പങ്കിടുന്ന വിവരങ്ങൾ തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് ചെയ്തത്. വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തെറ്റാണെന്ന് യമനിലെ സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം അറിയിച്ചിട്ടുണ്ട്. എന്നാൽ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നും ഇക്കാര്യത്തിൽ യമനിൽ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നുമാണ് യമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാവി അവകാശപ്പെടുന്നത്.

താത്കാലികമായി നീട്ടിവച്ച വധശിക്ഷ റദ്ദാക്കാൻ സനയിൽ നടന്ന ഉന്നതതലയോഗം തീരുമാനിച്ചെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മദ്ധ്യസ്ഥ ചർച്ചകളിൽ നിർണായക തീരുമാനമുണ്ടായെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഓഫീസും അറിയിച്ചത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീൾ തങ്ങൾ നിയോഗിച്ച യമൻ പണ്ഡിത സംഘത്തിനു പുറമേ, നോർത്തേൺ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം.

അതേസമയം വധശിക്ഷയ്ക്ക് പുതിയ തീയതി തീരുമാനിക്കണമെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ജൂലായ് 16ന് നിശ്ചയിച്ച നിമിഷപ്രിയയുടെ വധശിക്ഷ കാന്തപുരത്തിന്റെ ഇടപെടലിനെ തുടർന്ന് നീട്ടിവച്ചിരുന്നു. രണ്ടാംഘട്ട ചർച്ചകൾക്ക് കേന്ദ്ര സർക്കാർ നിയോഗിക്കുന്ന നയതന്ത്ര പ്രതിനിധികൾകൂടി പങ്കെടുക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIMISHAPRIYA, LATEST NEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA