SignIn
Kerala Kaumudi Online
Thursday, 21 May 2026 1.58 AM IST

അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പം: മുഖ്യമന്ത്രി വന്ദേമാതരം പൂർണമായി പാടുമെന്ന് അറിയില്ലായിരുന്നു

e

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ അച്ഛന്റെ പേര് ഉപയോഗിച്ചത് ജാതികാണിക്കാനാണെന്ന വിമർശനങ്ങളോട് വൈകാരികമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. "അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. അമ്മയെ ഞാൻ മനസിൽ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്‌കോപ്പില്ല, അതുണ്ടായിരുന്നെങ്കിൽ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മൾ ഓർക്കേണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്റെയും അമ്മയുടെയും പേരു പറയുന്നത് അഭിമാനമാണ്. ഞാൻ എം.എൽ.എ ആകുന്നതിന് മുമ്പേ മരിച്ചു പോയവരാണവർ". മന്ത്രിസഭാ യോഗത്തിനുശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി പാടുമെന്ന് അറിയില്ലായിരുന്നുവെന്ന് അതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഭവനാണ് തീരുമാനിച്ചത്. ചടങ്ങിന്റെ അവസാനവും ദേശീയഗാനത്തിന് പുറമെ വന്ദേമാതരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.

പ്രവാസികളുടെ മികച്ച പിന്തുണ സർക്കാരിനുണ്ട്. അവരെക്കൂടി ഉൾക്കൊള്ളിച്ചുളള പദ്ധതി ആറുമാസത്തിനകം പ്രഖ്യാപിക്കും. കേന്ദ്രപദ്ധതിയായ പി.എം ശ്രീ സ്വീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച് തീരുമാനമെടുക്കും. നിലവിലെ സ്ഥിതി പരിശോധിക്കും. സംസ്ഥാനം കരാർ ഒപ്പിട്ടിട്ടുണ്ട്. അതിന്റെ നിയമവശവും പരിശോധിക്കും. ദേശീയപാത പദ്ധതി ഇഴയുന്നത് അവലോകനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ ഇടങ്ങളിൽ സ്ത്രീകളും വനിതാ മാദ്ധ്യമപ്രവർത്തകരും കടുത്ത രീതിയിൽ അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതിനെതിരെയും പ്രതികരിച്ചു. ഇത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. സ്ത്രീകളെ അധിക്ഷേപിക്കാനുള്ളതല്ല സോഷ്യൽ മീഡ‌ിയ. ഇതിന്റെയൊക്കെ കേന്ദ്രം എവിടെയാണെന്നാണ് ഇനി അന്വേഷിക്കേണ്ടത്.

'തിണ്ണനിരങ്ങാൻ

പോകരുതെന്ന്' പറഞ്ഞിട്ടില്ല
സമുദായ നേതാക്കളുടെ 'തിണ്ണനിരങ്ങാൻ പോകരുതെന്ന്' താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മുഖ്യമന്ത്രിയായതിന് ശേഷം ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റ്. ഔദ്യോഗിക പദവികളിലിരിക്കുമ്പോൾ എല്ലാവരോടും ക്ഷമിക്കാൻ കഴിയണം. എല്ലാവരുമായും നല്ല ബന്ധം പുലർത്തണം. ആര് വർഗീയത പറഞ്ഞാലും അതിശക്തമായി എതിർക്കുന്ന വ്യക്തമായ മതേതര നിലപാടാണ് തന്റേത്.

വകുപ്പ് വിഭജനത്തിൽ

തർക്കമില്ല

വകുപ്പ് വിഭജനത്തിൽ ഒരു തർക്കവുമുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ തൃശൂരിൽ പോയിരുന്നത് കൊണ്ട് ലോക്‌‌ഭവനിൽ വകുപ്പ് വിഭജനപട്ടിക നൽകി അംഗീകാരം നേടാൻ കാലതാമസമുണ്ടായി. മറിച്ചുള്ള വാർത്തകൾ ശരിയല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA