SignIn
Kerala Kaumudi Online
Saturday, 27 June 2026 10.56 AM IST

മാസപ്പടിക്കേസ്: മരവിപ്പിച്ച അക്കൗണ്ടുകളിലെ 18.36 കോടി കണ്ടുകെട്ടൽ ഉടൻ

d

കൊച്ചി: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലെ 18.36 കോടി കണ്ടുകെട്ടാനുള്ള നടപടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഊർജ്ജിതമാക്കി. 242 അക്കൗണ്ടുകളിലായുള്ള 18.36 കോടി കണ്ടുകെട്ടാൻ അഡ്‌ജുഡിക്കേറ്റിംഗ് അതോറിട്ടിക്ക് ഇ.ഡി ഉടൻ റിപ്പോർട്ട് നൽകും. ഇ.ഡി ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ എച്ച്.ഡി.എഫ്.സി ബാങ്കിലെ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടിൽ 1.50 ലക്ഷം രൂപയുണ്ട്. വരും ദിവസങ്ങളിൽ പ്രതികൾക്ക് നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികളുണ്ടാകും. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും ചോദ്യംചെയ്യലിന് സമൻസ് അയയ്ക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.

വീണയുടെ ഫോൺ, നിക്ഷേപരസീതുകൾ, സി.എം.ആർ.എല്ലുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ റെയ്ഡുകളിൽ പിടിച്ചെടുത്തിരുന്നു. ഇവ തുടർനടപടികൾക്കായി സ്ഥിരമായി കൈവശംവയ്‌ക്കുന്നതിനും അഡ്‌ജുഡിക്കേറ്റിംഗ് അതോറിട്ടിയുടെ അനുമതി ആവശ്യമാണ്.

ചോദ്യംചെയ്യുന്നതിന് മുന്നോടിയായി ലോക്കർ പരിശോധന പൂർത്തിയാക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്. സി.എം.ആർ.എൽ സുപ്രീംകോടതിയെ സമീപിക്കാൻ സാദ്ധ്യതയുള്ളതിനാൽ കൃത്യമായ തെളിവുകളോടെ പഴുതടച്ച അന്വേഷണമാണ് ഇ.ഡി നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA