
കൊച്ചി: 'സിനിമ എന്റെ ചോറാണ്, ഉണ്ടിട്ടേ പോകൂ" എന്ന് പറയുമ്പോഴും രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയതിന്റെ പേരിൽ സിനിമയിൽ അവസരം പോയാൽ പോട്ടെന്ന് നിലപാടെടുത്ത നടനാണ് സലിംകുമാർ.
ഒരു കോൺഗ്രസുകാരനാണെന്ന് പറയുന്നതുകൊണ്ട് കേരളം ഇടിഞ്ഞുവീഴുമെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടുമാത്രം സിനിമയിൽ ചാൻസ് ഇല്ലാതാവുമെന്നും വിചാരിക്കുന്നില്ല എന്നായിരുന്നു നിലപാട്. വർഷങ്ങളായി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സ്ഥിരം താരസാന്നിദ്ധ്യമാണ് സലിംകുമാർ. അനാരോഗ്യം അവഗണിച്ചും ഇത്തവണ തിരുവനന്തപുരം മുതൽ മലപ്പുറം വരെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചു. അതിൽ ചിലതൊക്കെ വിവാദമാവുകയും ചെയ്തു.
പറവൂരിൽ വി.ഡി. സതീശന്റെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ കേരളത്തിൽ വികസനം ഉണ്ടെന്ന് പറയുന്നവരെ ഊളമ്പാറയ്ക്ക് അയയ്ക്കണമെന്ന് പറഞ്ഞത് ഇടതുപക്ഷം വിവാദമാക്കി. ഇതേ പരാമർശം കോഴിക്കോടും ആവർത്തിച്ചു. അവിടെയും പരാതി ഉയർന്നു. എന്നാൽ പ്രസ്താവന പിൻവലിക്കില്ലെന്നും ഇല്ലാത്ത വ്യക്തിയെ ഹത്യ ചെയ്യുന്നത് എങ്ങനെയെന്നുമായിരുന്നു സലിംകുമാറിന്റെ പ്രതികരണം.
പിണറായി വിജയൻ വി.ഡി. സതീശനെ പരസ്യസംവാദത്തിന് ക്ഷണിച്ചപ്പോൾ വെറുതെ പുലിമടയിൽ തലവയ്ക്കരുതെന്നും തോമസ് ഐസക്കിനെക്കൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച സതീശൻ പിണറായിയെ മൂക്കുകൊണ്ട് ഋത്വിക് റോഷൻ എന്ന് എഴുതിക്കുമെന്നും പരിഹസിച്ചു.
ഫുട്ബാൾ താരം മെസിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവരാത്തതിനെതിരെ തിരൂർ മണ്ഡലത്തിൽ നടത്തിയ പ്രസംഗവും ഇടതുപക്ഷത്തിന് നേരെയുള്ള ചാട്ടുളിയായിരുന്നു. കേരളത്തിൽ വന്നാൽ തന്റെ 'ഫിഫ ബാലൺ ഡി ഓർ' പുരസ്കാരം സഖാക്കൾ അടിച്ചുമാറ്റുമെന്ന് ഭയന്നിട്ടാണ് വരാത്തതെന്ന് മെസി തന്നോട് പറഞ്ഞെന്നായിരുന്നു സലിംകുമാറിന്റെ സരസപ്രതികരണം. ഒരു കമ്മ്യൂണിസ്റ്റുകാരനെയോ ബി.ജെ.പിക്കാരനെയോ രാഷ്ട്രീയകാരണംകൊണ്ട് ദ്രോഹിച്ചിട്ടില്ല. അവരെല്ലാം സുഹൃത്തുക്കളാണെന്നും സലിംകുമാർ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |