
കൊച്ചി: മീൻ വറുത്തതിന് ഉപ്പു പോരാ! പാചകക്കാരന് ഹോട്ടൽ ഉടമയുടെ അടിയും വെട്ടും. കൊല്ലം സ്വദേശി റിയാസിനെയാണ് (26) ഹോട്ടലിന്റെ സഹപങ്കാളി മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസ് കൈകാര്യം ചെയ്തത്. കറുകുറ്റിയിലെ ന്യൂജെൻ ഹോട്ടലായ 'മീൻവിലാസ"ത്തിലെ പ്രധാന പാചകക്കാരനാണ് റിയാസ്. കറിക്കത്തികൊണ്ടുള്ള വെട്ടും തവികൊണ്ടുള്ള അടിയുമേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇയാളുടെ പരാതിയിൽ അങ്കമാലി പൊലീസ് കേസെടുത്തു. മുഹമ്മദ് ഉവൈസ് ഒളിവിലാണ്. അങ്കമാലിയിൽ മത്സ്യവിഭവങ്ങൾക്ക് പേരുകേട്ട ഹോട്ടലാണിത്.
19ന് രാത്രി 10നായിരുന്നു സംഭവം. റിയാസ് ഉണ്ടാക്കി നൽകിയ വിഭവം ഹോട്ടലിലിരുന്ന് കഴിക്കുകയായിരുന്ന ഉവൈസിന് മീൻ വറുത്തതിന്റെ രുചി തീരെ പിടിച്ചില്ല. ഉടൻ പാചകക്കാരനെ വിളിച്ചുവരുത്തി 'കറി മോശമാണ്" എന്ന് അറിയിച്ചു. ഫ്രീസറിൽ ഇരുന്ന മീനായതുകൊണ്ടാണ് രുചിക്കുറവെന്ന് പാചകക്കാർ പറഞ്ഞെങ്കിലും ഉവൈസ് അടങ്ങിയില്ല. വാക്കേറ്റമായതോടെ റിയാസ് ദേഷ്യപ്പെട്ട് കിച്ചണിലേക്ക് മടങ്ങി. ഉവൈസ് പിന്നാലെ ചെന്ന് മേശപ്പുറത്തിരുന്ന കത്തിയെടുത്ത് റിയാസിനെ വെട്ടുകയും തവിയെടുത്ത് തല്ലുകയുമായിരുന്നു. ഇയാൾ സ്ഥലംവിട്ട ശേഷം ഹോട്ടൽ ജീവനക്കാരാണ് റിയാസിനെ ആശുപത്രിയിൽ എത്തിച്ചത്. ഹോട്ടലിലെ സി.സി. ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിയാസ് തയ്യാറാക്കുന്ന ഭക്ഷണത്തിന് പോരായ്മകളുണ്ടെന്ന് ഹോട്ടലിൽ എത്തുന്നവർ പലപ്പോഴും പരാതിപ്പെട്ടിരുന്നെന്നും ഇത് ഉറപ്പാക്കാനാണ് ഉവൈസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതി ഒളിവിലാണ്. സംഭവത്തിൽ ഹോട്ടൽ ജീവനക്കാർ പ്രതിഷേധത്തിലാണ്. ഇന്നലെ ഹോട്ടൽ തുറന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |