
കൊച്ചി: സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള സലിംകുമാറിന്റെ പ്രയാണത്തിലെ ആദ്യത്തെ നാഴികക്കല്ലായിരുന്നു മഹാരാജാസ്. വിദ്യാർത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ തുടരേ സമ്മാനം നേടി. അതുവഴി കലാഭവനിലേക്കും അവിടെനിന്ന് ചലച്ചിത്ര ലോകത്തേക്കും. സലിംകുമാറിന്റെ സിനിമാസ്വപ്നങ്ങൾക്ക് അടിത്തറയിട്ടത് മഹാരാജാസ് ജീവിതമായിരുന്നു.
ദാരിദ്ര്യത്തിനിടയിലും കലാകാരനായി പേരെടുത്ത് സിനിമയിലെത്തുകയെന്ന ആഗ്രഹത്തോടെയാണ് പ്രീഡിഗ്രി കഴിഞ്ഞ് ആറുവർഷത്തിനുശേഷം ഡിഗ്രി പ്രവേശനം നേടിയത്. അഡ്മിഷൻ ക്ലോസ് ചെയ്യുന്ന സമയത്ത് പ്രിൻസിപ്പൽ പ്രൊഫ. കെ.എൻ. ഭരതനെ വീട്ടിലെത്തി കണ്ട് കലോത്സവത്തിൽ മിമിക്രിക്ക് ഒന്നാംസ്ഥാനം നേടിത്തരാമെന്ന ഉറപ്പ് നൽകി. അങ്ങനെയാണ് ഈവനിംഗ് കോളേജിൽ പ്രവേശനം നേടിയത്. വാക്ക് പാലിച്ചുകൊണ്ട് യൂത്ത് ഫെസ്റ്റിവലിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. യൂണിയൻ ചെയർമാനും ഇന്നത്തെ പ്രശസ്ത സംവിധായകനുമായ അമൽ നീരദിന്റെ ഇടപെടലിലൂടെ ഡേ ബാച്ചിലേക്ക് മാറി. ട്രോഫികൾ വാരിക്കൂട്ടി മഹാരാജാസിന് കലാകിരീടം നേടിക്കൊടുത്ത സലിംകുമാറിനെത്തേടി കൊച്ചിൻ കലാഭവനിലെ കെ.എസ്. പ്രസാദ് എത്തി. അതോടെ വഴിത്തിരിവ്. തിരക്കായതോടെ കലാലയത്തോട് വിടപറഞ്ഞു.
ഓമനക്കുട്ടൻ
മാഷിന്റെ സലിം
മലയാളം അദ്ധ്യാപകനായിരുന്ന സി.ആർ. ഓമനക്കുട്ടനുമായി സലിംകുമാറിന് അടുത്ത ആത്മബന്ധമായിരുന്നു. വിദ്യാർത്ഥികളുടെ തോളിൽ കൈയിട്ടുനടന്നിരുന്ന അദ്ദേഹം കലോത്സവങ്ങളിൽ പങ്കെടുക്കാൻ സലിംകുമാറിന് പിന്തുണ നൽകി. കലാലയത്തിൽ സലിമിന്റെ സാന്നിദ്ധ്യം നിലനിറുത്താൻ അദ്ദേഹം കൂട്ടുനിന്നു. പ്രിൻസിപ്പലുമായി ചേർന്ന് " അറ്റൻഡൻസ് തന്ത്രങ്ങൾക്ക് " വഴിവിളക്കായതും ഈ സ്നേഹക്കൂടുതലായിരുന്നു. ക്യാമ്പസ് വിട്ടശേഷവും ആ ബന്ധം തുടർന്നു.
മഹാരാജാസ് സമ്മാനിച്ച
ജീവിതസഖി
റാഗിംഗ് ഇല്ലാത്ത മഹാരാജാസിൽ ജനലിലൂടെ ചാടിവന്ന് പെൺകുട്ടികളെക്കൊണ്ട് പാട്ട് പാടിക്കുന്നത് സലിംകുമാറിന്റെ വിനോദമായിരുന്നു. ഒരു കലോത്സവ കാലത്ത് അദ്ദേഹം ഇത്തരത്തിൽ പാട്ടുപാടാൻ ആവശ്യപ്പെട്ടു. എന്നാൽ സലിംകുമാറിനെ പേടിച്ച് ഒരു പെൺകുട്ടി മാത്രം പാടിയില്ല. സുനിതയെന്ന ആ പെൺകുട്ടിയോട് അദ്ദേഹത്തിന് പ്രണയംതോന്നി. സുനിത സലിമിന്റെ ജീവിത സഖിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |