
തൃശൂർ: തിരക്കേറിയ നഗരപ്രദേശങ്ങളിൽ കബളിപ്പിച്ചുള്ള പണപ്പിരിവ് സജീവം. ചായ, യാത്രാക്കൂലി, മരുന്ന് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ പത്തുരൂപ ചോദിച്ചാണ് പിരിവ്. രാവിലെ മുതൽ വൈകിട്ട് വരെയും ഈ കബളിപ്പിക്കൽ തുടരും. തൃശൂർ ജനറൽ ആശുപത്രി, കെ.എസ്.ആർ.ടി.സി, ശക്തൻ, വടക്കെ ബസ് സ്റ്റാൻഡ് പരിസരം, റെയിൽവേ സ്റ്റേഷൻ, തേക്കിൻക്കാട് മൈതാനം എന്നിവിടങ്ങളിലാണ് ഈ പണപ്പിരിവ്.
നിസഹായാവസ്ഥയിലുള്ള ചോദ്യം കേൾക്കുമ്പോൾ കൈയിലുള്ളത് പലരും നൽകും. റെയിൽവേ സ്റ്റേഷനിൽ എത്തുന്നവരുടെ അടുത്തുചെന്ന് ദയനീയത പറഞ്ഞ് പണം തട്ടുന്നവരുമേറെ. റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയിലും മറ്റുമാണ് സംഘം തമ്പടിക്കുന്നത്. ഇതുവഴി പോകുന്നവർ ഇത് അറിയാവുന്നതിനാൽ മറ്റ് യാത്രക്കാരെയാണ് സമീപിക്കുന്നത്. രാവിലെ മുതൽ രാത്രി വരെ വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചാണ് കബളിപ്പിക്കൽ. തേക്കിൻകാട് കേന്ദ്രീകരിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.
ഭൂരിഭാഗവും ഇതരസംസ്ഥാനക്കാർ
മാന്യമായി വസ്ത്രം ധരിച്ചാണ് കബളിപ്പിക്കുന്നവരിലേറെയും എത്തുന്നത്. ഇവരിൽ ഇതരസംസ്ഥാനക്കാരുമുണ്ട്. ഉച്ചസമയം തേക്കിൻകാട് മൈതാനത്ത് ചുറ്റും കൂടിയിരിക്കുന്നവരിൽ അവശരുണ്ടെങ്കിലും ഇതിൽ ഒരു വിഭാഗമാണ് തട്ടിപ്പ് നടത്തുന്നത്. സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന പൊതിച്ചോറുകൾ വാങ്ങി വിഭവങ്ങൾ കുറഞ്ഞാൽ ഉപേക്ഷിക്കുന്നതും പതിവുകാഴ്ച.
അരമണിക്കൂറിൽ 15 പിരിവ്
തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 7.15നും എട്ടിനും മദ്ധ്യേ ഒരാൾ കബളിപ്പിച്ചത് പതിനഞ്ചോളം തവണ. ചികിത്സ തേടിയെത്തിയവരും കൂടെ വന്നവരും ഇയാൾക്ക് പണം നൽകി. പത്തുരൂപയാണ് ചോദിക്കുന്നതെങ്കിലും 50 രൂപ വരെ നൽകിയവരുണ്ടായിരുന്നു. വയോജനങ്ങൾ ഉൾപ്പെടെ കബളിപ്പിക്കലിൽ ഇരയാകുന്നുണ്ട്.
ഏറ്റുമുട്ടലും
ഇത്തരം സംഘങ്ങൾ മദ്യപിച്ച് നഗരമദ്ധ്യേ വഴക്കിടുന്നതും ഏറ്റുമുട്ടുന്നതും നിത്യസംഭവം. പലരും ക്രിമിനൽ സ്വഭാവമുള്ളവരാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. ജോലി ചെയ്യാനാകാത്ത വയോധികർ നിരവധിപേർ സഹായം അഭ്യർത്ഥിക്കുന്നുണ്ട്. എന്നാൽ കബളിപ്പിക്കൽ സംഘത്തിൽ ഭൂരിഭാഗവും മദ്ധ്യവയസ്‌കരാണ്. പകൽ സമയത്ത് പോലും തേക്കിൻകാട് മൈതാനിയിൽ ഇത്തരം സംഘങ്ങൾ ഭീഷണിയാകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |