
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് മിൽമ തിരുവനന്തപുരം യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ടു.ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.എൽ.ഡി.എഫ് ഭരണസമിതിയുടെ നിയന്ത്രണത്തിലായിരുന്നു ഇത്രയും നാൾ തിരുവനന്തപുരം മേഖല യൂണിയൻ.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുന്നതിനിടയിൽ രേഖകകളിൽ കൃത്രിമം കാണിക്കാൻ സാദ്ധ്യതയുള്ളതിനാലാണ് അടിയന്തിര നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
ശബരിമലയിൽ അരവണ നിർമ്മിക്കാനായി വിതരണം ചെയ്ത നെയ്യ് ഗുണനിലവാരം കുറഞ്ഞതു സംബന്ധിച്ചുണ്ടായ ആക്ഷേപമടക്കമുള്ളവ ചൂണ്ടിക്കാട്ടിയാണ് നടപടി.പത്തനംതിട്ട ഡയറിയിൽ നിന്നു പല ലോഡുകളായി സന്നിധാനത്തേക്ക് കൊണ്ടുപോയ നെയ്യ് വഴിമദ്ധ്യേ മാറ്റി തമിഴ് നാട്ടിൽ നിന്നും സംഭരിച്ച ഗുണനിലവാരം കുറഞ്ഞ നെയ്യ് മിൽമയുടെ ടിന്നുകളിൽ നിറച്ച് നൽകിയെന്നാണ് ആരോപണം. അന്വേഷണത്തിൽ പത്തനംതിട്ട ഡയറി യൂണിറ്റ് ഹെഡും കേന്ദ്ര ഓഫീസിലെ പ്രൊഡക്ഷൻ ആൻഡ് പ്ലാനിംഗ് മാർക്കറ്റിങ് മേധാവിയും ചേർന്ന് 85.73 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.മഹാരാഷ്ട്രയിൽ നിന്നു വാങ്ങികൊണ്ടുവന്ന് പാക്ക് ചെയ്ത 1,77,060 ലിറ്റർ നെയ്യ് 35 ബാച്ച് നമ്പറുകളിലായി ഫുഡ് സേഫ്റ്റി പരിശോധന നടത്തിയാണ് സന്നിധാനത്തേക്ക് നൽകേണ്ടതെങ്കിലും ഇത്തരം പരിശോധന നടത്തിയിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.
മഹാരാഷ്ട്രയിൽ നിന്നും പാൽ കൊണ്ടുവന്നതിൽ യാത്രക്കൂലി ഇനത്തിൽ 93 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയതായി ഓഡിറ്റ് റിപ്പോർട്ടിലുണ്ടെന്നും ഉത്തരവിൽ ചൂണ്ടികാണിക്കുന്നു .
ഭരണസമിതി പിരിച്ചുവിടുന്നത് സംബന്ധിച്ച് കാരണം കാണിക്കൽ നോട്ടീസോ പിരിച്ചുവിട്ടതായുള്ള ഉത്തരവോ ലഭിച്ചിട്ടില്ലെന്ന് ഡയറക്ടർ ബോർഡ് അംഗം കെ.ആർ. മോഹനൻ പിള്ള പറഞ്ഞു.
പിരിച്ചുവിടൽ രാഷ്ട്രീയ പ്രേരിതമാണെന്ന് എൽ.ഡി.എഫ് നേതൃത്വം ആരോപിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയതെന്നാണ് വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |