SignIn
Kerala Kaumudi Online
Friday, 14 August 2026 1.03 AM IST

സി.പി.എമ്മിന്റെ 'ഇസ്ലാമിക് ബാങ്ക് ' കോടികൾ വിഴുങ്ങി പൂട്ടിക്കെട്ടി നിക്ഷേപകർ വഴിയാധാരം നേതാക്കൾക്ക് മൗനം

bank

കണ്ണൂർ: മുസ്ലിം ന്യൂനപക്ഷത്തെ പാർട്ടിയോട് അടുപ്പിക്കാനെന്ന പേരിൽ സി.പി.എം നേതൃത്വത്തിൽ കണ്ണൂരിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്കിംഗ് സ്ഥാപനം പൊളിഞ്ഞു. കോടിക്കണക്കിന് രൂപയാണ് പലിശരഹിത ബാങ്കിംഗിന്റെ പേരിൽ വിശ്വാസികളിൽ നിന്ന് സമാഹരിച്ചത്.

ഹലാൽ ഫായിദ എന്ന പേരിലുള്ള സഹകരണസംഘത്തിൽ ഒൻപത് വർഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ലെന്ന് നിക്ഷേപകർ.

അന്വേഷണം ആവശ്യപ്പെട്ട് ടി.കെ. ഗോവിന്ദൻ എം.എൽ.എയ്ക്ക് ലഭിച്ച പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

പാർട്ടി നേതൃത്വത്തിന്റെ ആശീർവാദത്തോടെ പി.ജയരാജൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് സഹകരണസംഘം ആരംഭിച്ചത്. യുവജന കമ്മിഷൻ ചെയർമാനും ഡി.വൈ.എഫ്‌.ഐ നേതാവുമായ എം.ഷാജറായിരുന്നു ചീഫ് പ്രമോട്ടർ.

പലിശരഹിത വായ്പകളും ബീഫ് എക്സ്‌പോർട്ടിംഗ് അടക്കമുള്ള ബിസിനസുകളും നടത്തി ലാഭവിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്ഘാടകൻ. സബ് ജയിൽ റോഡിൽ മുത്തുമാരിയമ്മൻ കോവിലിന് സമീപം ഓഫീസ് തുറന്നായിരുന്നു പ്രവർത്തനം. വൈകാതെ ഓഫീസ് അടച്ചുപൂട്ടി. ഭരണസമിതി അംഗങ്ങൾ ആരൊക്കെയാണെന്ന കാര്യത്തിൽ പോലും അവ്യക്തത.

#നിക്ഷേപങ്ങൾക്ക്

രേഖയും കണക്കുമില്ല

2017 ജൂലായിൽ ഒരു ലക്ഷം നിക്ഷേപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തുകയോ ലാഭവിഹിതമോ ലഭിച്ചില്ലെന്നും പിരിച്ച തുകയുടെ രേഖയോ വർഷാന്ത കണക്കുകളോ ഇതുവരെ നൽകിയിട്ടില്ലെന്നുമാരോപിച്ച് കെ.പി.നാസർ എന്ന നിക്ഷേപകനാണ് ഇക്കാര്യം പുറത്തറിയിച്ചത്. ചീഫ് പ്രമോട്ടർ ഷാജറെ ഫോണിൽ ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചെങ്കിലും ഫോൺ എടുക്കാറില്ലെന്നും നേരിട്ട് ഓഫീസിൽ ചെന്നപ്പോൾ അവിടെ ഓഫീസേ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിവാദമായതോടെ തന്റെ നിക്ഷേപത്തുക തിരികെ ലഭിച്ചെന്നും നാസർ അറിയിച്ചു. മറ്റ് നിരവധി നിക്ഷേപകരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. പ്രതികരിക്കാനില്ലെന്നാണ് എം. ഷാജർ അറിയിച്ചത്.

''സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റിലും നേരത്തേ പലതവണ ചർച്ച ചെയ്തിട്ടുണ്ട്. നിക്ഷേപകരുടെ പണം തിരികെ നൽകണമെന്ന് ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.""

-ടി.കെ. ഗോവിന്ദൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA