SignIn
Kerala Kaumudi Online
Friday, 04 September 2026 1.25 AM IST

രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനം പാർട്ടി-സർക്കാർ ഏകോപനം പോര

1

 പി.എം ശ്രീ വേണ്ടെന്ന് ദീപാദാസ് മുൻഷി

 പുനഃസംഘടന നീളുന്നതിൽ പരക്കെ അതൃപ്തി

തിരുവനന്തപുരം: ഭരണത്തിലേറി നൂറ് ദിനം കഴിഞ്ഞു. എന്നിട്ടും പാർട്ടി- സർക്കാർ ഏകോപനം ഫലപ്രദമല്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനം. അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നിർദ്ദേശിച്ചു. പ്ളീഡർ നിയമനത്തിലടക്കം വിവാദമുണ്ടായത് ഏകോപനമില്ലായ്മ കൊണ്ടാണ്. പി.എം ശ്രീയുമായി മുന്നോട്ടു പോകരുതെന്നും അവർ പറഞ്ഞു.

സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇന്നലെ ചേർന്നത്. കെ.പി.സി.സി പുനഃസംഘടന വൈകുന്നതിലെ അതൃപ്തിയാണ് ഭൂരിപക്ഷം നേതാക്കളും പ്രകടിപ്പിച്ചത്. കെ.പി.സി.സിയും ഡി.സി.സികളും നിശ്ചലാവസ്ഥയിലാണ്. സർക്കാർ നടപ്പാക്കുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലേക്ക് അതുകൊണ്ട് എത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി. പുനഃസംഘടന നീണ്ടാൽ സർക്കാരിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് പി.ജെ.കുര്യൻ പറഞ്ഞു. കെ.പി.സി.സിക്ക് മുഴുവൻ സമയ അദ്ധ്യക്ഷൻ വേണമെന്ന കുര്യന്റെ ആവശ്യത്തോട് സണ്ണി ജോസഫും യോജിച്ചു.

പി.എം ശ്രീ കേന്ദ്രം നിർദ്ദേശിക്കും പോലെ നടപ്പാക്കുന്നതിനെ അജയ് തറയിലും ജോൺസൺ എബ്രഹാമും വിമർശിച്ചു. എന്നാൽ,​ ഇനി പദ്ധതിയിൽ നിന്ന് പിന്മാറാനാവില്ലെന്നും കൃത്യമായ ഉപാധികൾ വച്ചേ മുന്നോട്ട് പോകൂവെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വിശദമാക്കി. കെ.പി.സി.സി അദ്ധ്യക്ഷനും മറ്റു പ്രധാന ഭാരവാഹികളും മന്ത്രിസഭയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ പാർട്ടി - സർക്കാർ ഏകോപനമില്ലെന്ന വിമർശനത്തോട് യോജിക്കാനാവില്ലെന്നും പറഞ്ഞു.

മന്ത്രി രമേശ് ചെന്നിത്തല ഓൺലൈനായാണ് പങ്കെടുത്തത്. ശശിതരൂർ എം.പി, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ പങ്കെടുത്തില്ല.

ബോർഡ് : പ്രധാന പദവികൾ വിട്ടുനൽകരുത്

ബോർഡ്,​ കോർപ്പറേഷൻ വിഭജനമാണ് ഉയർന്ന മറ്റൊരു പ്രധാന വിഷയം. പ്രധാനപ്പെട്ട പദവികൾ കോൺഗ്രസിന് തന്നെ ലഭിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ ഉൾപ്പെടെ സ്ഥാനങ്ങൾ ഘടകകക്ഷികൾക്കെന്ന മട്ടിൽ വാർത്ത വരുന്നത് ചിലർ ചൂണ്ടിക്കാട്ടി. ദീർഘകാലമായി പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്നവരെ മറക്കരുത്. ഘടകകക്ഷികളുമായി വിഭജന വിഷയം ചർച്ച ചെയ്യുമ്പോൾ ഇതുകൂടി മനസിൽ വയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും ഈ മാസം 15ന് മുൻപ് വിഭജനം പൂർത്തിയാക്കുമെന്നും സതീശൻ വിശദമാക്കി.

മദ്യം ചർച്ചയായില്ല

യു.ഡി.എഫ് സർക്കാരിന്റെ തുടക്ക ഘട്ടത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ച വീര്യംകുറഞ്ഞ മദ്യ വില്പന തീരുമാനം ആരും മുന്നോട്ടു വച്ചില്ല. പുതിയ മദ്യനയത്തെക്കുറിച്ചും മിണ്ടിയില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA