
കോട്ടയം: സഹപാഠിയായ വിദ്യാർത്ഥിനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കിയെന്ന പരാതിയിൽ ബി.ടെക് വിദ്യാർത്ഥി കസ്റ്റഡിയിൽ. ഏറ്റുമാനൂർ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ നാലാം വർഷ വിദ്യാർത്ഥി അജ്മൽ ടി.മുഹമ്മദാണ് പിടിയിലായത്. പരാതിക്കാരിയുടെയും, മറ്റ് സഹപാഠികളുടെയും ചിത്രങ്ങളാണ് മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലും രഹസ്യമായി സൂക്ഷിച്ചിരുന്നത്. ഇക്കഴിഞ്ഞ മൂന്നിന് ഉച്ചകഴിഞ്ഞ് പ്രോജക്ട് വർക്കിനായി അജ്‌മലിൻ്റെ ലാപ്‌ടോപ്പ് എടുത്തപ്പോഴാണ് സുഹൃത്തുക്കൾ ചിത്രങ്ങൾ കണ്ടത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചു. കോളേജ് പരിപാടികളിലേയും ആഘോഷങ്ങളിലേയും ചിത്രങ്ങളാണ് നഗ്‌നചിത്രങ്ങളാക്കിയത്. ഇവ പ്രതിയുടെ മൊബൈൽ ഫോണിലെ ഹിഡൺ ഫോൾഡറിൽ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ സ്വകാര്യത ലംഘിച്ചെന്നും, തനിക്കും സുഹൃത്തുക്കൾക്കും മാനഹാനിയും മാനസികവിഷമവും ഉണ്ടാക്കിയതായും വിദ്യാർത്ഥിനിയുടെ പരാതിയിലുണ്ട്. പ്രതിയുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
1500 ലേറെ നഗ്നചിത്രങ്ങൾ
ഏകദേശം 1500 ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. എ.ഐ, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എഡിറ്റ് ചെയ്തത്. കോളേജിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് പ്രതിയായിരുന്നു. ഇതാണ് ലാപ്ടോപ്പ് അടക്കം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. ടെലഗ്രാം പോലുള്ള ആപ്പുകളിലേക്ക് ചിത്രങ്ങൾ വിറ്റിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമമുണ്ടെന്ന ആക്ഷേപവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |