SignIn
Kerala Kaumudi Online
Sunday, 23 August 2026 11.37 AM IST

ഓരോന്നിനും 5000 രൂപ പിഴയീടാക്കണം; വാഹന മോഡിഫിക്കേഷനിൽ പൊലീസിനും എംവിഡിക്കും കർശന നിർദേശം

READ ENGLISH VERSION
high-court-of-kerala

കേരള ഹൈക്കോടതി

കൊച്ചി: വാഹന മോഡിഫിക്കേഷനിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനം നടത്തുന്നവരിൽ നിന്ന് ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണമെന്ന് കോടതി നിർദേശിച്ചു. അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിനെത്തിയ വണ്ടിക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലും കോടതി അതൃപ്തി വ്യക്തമാക്കി.

പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഥാർ ജീപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കോടതി പരിശോധിച്ചു. ജീപ്പിൽ ആറ് ലൈറ്റുകൾ അധികമായി ഘടിപ്പിച്ചിരുന്നതായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. ഇതിന് 5000 രൂപ പിഴയും പുക പരിശോധന സർട്ടിഫിക്കറ്റ് സംബന്ധമായ ലംഘനത്തിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്. ആറ് ലൈറ്റുകൾക്കായി ആകെ 5000 രൂപ പിഴ ചുമത്തിയതിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

അനുവദനീയമായതിൽ കൂടുതലായി ഒരു ലൈറ്റും വാഹനത്തിൽ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ശക്തിയേറിയ വെളിച്ചമുള്ള എൽഇഡി ലൈറ്റുകൾ, കളർ ലൈറ്റുകൾ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകൾ കാൽനടക്കാരെയും മറ്റ് വാഹനങ്ങളെയും അപകടത്തിലാക്കാനിടയുണ്ട്. ശബ്ദവും തീയുമുണ്ടാക്കുന്ന പുകക്കുഴലുകൾ അപക‌ടസാദ്ധ്യത വർദ്ധിപ്പിക്കും. ഇത് കർശനമായി നിയന്ത്രിക്കണം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ വാഹന മോഡിഫിക്കേഷനുകളിലും പൊലീസും എംവിഡിയും കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. ഏതൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് അടുത്ത മാസം ഏഴിന് അറിയിക്കണമെന്ന് കോടതി അറിയിച്ചിരിക്കുകയാണ്.

English Summary

The Kerala High Court directed authorities to take strict action against illegal vehicle modifications. A ₹5,000 fine should be imposed for each violation. Unauthorized lights, wide tyres, powerful LED or colored lights, and dangerous exhaust modifications must be controlled. Police and MVD were instructed to enforce road-safety rules strictly and report their actions by September 7.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HIGHCOURT, VEHICLE MODIFICATIONS, MVD, HIGH COURT ON VEHICLE MODIFICATION, VEHICLE MODIFICATION FINES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA