
കണ്ണൂർ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാർട്ടിയിലെ ഉന്നതർ കുടുംബത്തെ അവഗണിച്ചെന്ന് ഭാര്യ വിനോദിനി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പൊളിറ്റ് ബ്യൂറോ അംഗം, ആവശ്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കാറില്ലെന്ന് അവർ വെളിപ്പെടുത്തി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ലക്ഷ്യമിട്ടുള്ളതാണ് ഈ ആരോപണമെന്നാണ് ആക്ഷേപം. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ വെളിപ്പെടുത്തൽ.
കോടിയേരി മരിച്ച് നാലുവർഷം പിന്നിടുമ്പോഴും ഉന്നത നേതൃത്വത്തിൽ നിന്ന് ആരും കുടുംബത്തിന്റെ സുഖവിവരം അന്വേഷിച്ചിട്ടില്ല. പ്രധാന കാര്യങ്ങൾ അറിയിക്കാൻ ഉന്നത നേതാവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തിട്ടില്ല. പിണറായി വിജയൻ എപ്പോൾ വിളിച്ചാലും ഫോൺ എടുക്കും. അപ്പോൾ പറ്റിയില്ലെങ്കിൽ തിരിച്ചുവിളിക്കുമെന്നും അവർ പറഞ്ഞു.
തന്റെ ഷോപ്പിംഗ് ഭ്രമത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ചെറിയ ബഡ്ജറ്റിൽ നല്ല രീതിയിൽ ഷോപ്പിംഗ് നടത്താൻ സാധിക്കുമെന്നാണ് വിനോദിനിയുടെ വിശദീകരണം. എതിർ ചേരിയിലുള്ള കെ.സുധാകരൻ അടക്കമുള്ള നേതാക്കളുമായുള്ള ആത്മബന്ധവും അവർ ചൂണ്ടിക്കാട്ടി.
രോഗാവസ്ഥയിൽ കോടിയേരി ബാലകൃഷ്ണൻ ഏറെ വേദനിച്ചത് മകൻ ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യത്തിലായിരുന്നു. മകൻ തെറ്റുചെയ്തില്ലെന്ന് ബാലകൃഷ്‌ണേട്ടന് ബോദ്ധ്യമുണ്ടായിരുന്നു. സി.പി.എം വിമതനായ തളിപ്പറമ്പ് എം.എൽ.എ ടി.കെ.ഗോവിന്ദനെ വർഗ വഞ്ചകനെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും വിനോദിനി വ്യക്തമാക്കി.
പാർട്ടി കോടിയേരിയോട് അനീതി കാണിച്ചോയെന്ന ചോദ്യത്തിന് അത് ആലോചിക്കേണ്ട വിഷയമാണെന്നായിരുന്നു മറുപടി. കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് കൊണ്ടുപോകാത്തതിലുള്ള മനോവിഷമമാണ് അവർ സൂചിപ്പിച്ചത്.
എന്നും പാർട്ടിയുടെ ആൾ
വിമർശനങ്ങൾ പാർട്ടിവിരോധമായി കണക്കാക്കരുതെന്ന് വിനോദിനി വ്യക്തമാക്കി. എന്നും ഈ പാർട്ടിയുടെ ആളായി തന്നെ നിൽക്കണമെന്നാണ് ആഗ്രഹം. പക്ഷേ അനാവശ്യ വിധേയത്വം ഇല്ല. ഉൾപ്പാർട്ടി വേദികളിൽ പ്രശ്നങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |