
കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ സകല പ്രശ്നങ്ങൾക്കും മൂലകാരണം ഇവിടെ ആറു തന്ത്രിമാർ വേണമെന്ന വ്യവസ്ഥയാണ്. ഇവർ കുളിക്കുന്ന തീർത്ഥക്കുളത്തിനു പരിസരത്തെ പുല്ലുവെട്ടാൻ പോലും ഉന്നതകുലജാതർ വേണം. പിഷാരടി സമുദായത്തിനാണ് ആ ചുമതല. കുളത്തിൽ തന്ത്രിമാരെ കൂടാതെ പൂജാരിമാർക്കും അമ്പലവാസികൾക്കും മാത്രമേ ഇറങ്ങാൻ അനുമതിയുള്ളൂ. ഉത്സവകാലത്ത് അഗ്നിരക്ഷാസേന ആവശ്യപ്പെട്ടിട്ടും മോട്ടോർപമ്പ് അനുവദിച്ചില്ല. മൂന്നുവർഷം മുമ്പ് കുളം വൃത്തിയാക്കിയപ്പോൾ ശുദ്ധിക്രിയകൾ നടത്തിയാണ് തന്ത്രിമാർ കുളത്തിലിറങ്ങിയത്.
സർക്കാർ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്ന ഐ.എ.എസുകാരായ ദേവസ്വം കമ്മിഷണർക്കും അഡ്മിനിസ്ട്രേറ്റർക്കും മാനേജിംഗ് കമ്മിറ്റിക്കും ചെയർമാനും ഒരു വിലയുമില്ല. കമ്മിറ്റി തീരുമാനം തന്ത്രിപ്രതിനിധിക്ക് സ്വീകാര്യമായില്ലെങ്കിൽ ആറുപേരും ചർച്ചചെയ്തുവേണം അന്തിമ തീരുമാനമെടുക്കാൻ. കത്ത് നൽകാനോ, ഒപ്പു വാങ്ങാനോ ഉണ്ടെങ്കിൽ ദേവസ്വം ജീവനക്കാർ ആറ് തന്ത്രിമാരുടെയും വീട്ടുവാതിൽക്കൽ ചെല്ലണം. ഇവരുടെ കുടുംബങ്ങൾ തമ്മിലും കുടുംബാംഗങ്ങൾ തമ്മിലും അഭിപ്രായവ്യത്യാസങ്ങൾ പതിവാണ്. അതുകൊണ്ടുതന്നെ ഒരുനടയ്ക്ക് കാര്യം സാധിക്കണമെന്നുമില്ല.
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ തന്ത്രിപദവിയുള്ള തരണനല്ലൂർ കുടുംബത്തിനാണ് കൂടൽമാണിക്യത്തിലെയും തന്ത്രിസ്ഥാനം. പിന്നീട് താഴ്വഴികൾ പിരിഞ്ഞപ്പോൾ അവരെയും രണ്ടു പുതിയ കുടുംബങ്ങളെയും തന്ത്രിസ്ഥാനീയരാക്കി. ചോറ്റാനിക്കര, ഊരകം തുടങ്ങിയ ക്ഷേത്രങ്ങളിൽ രണ്ട് തന്ത്രിമാരുണ്ട്. ഒരാളെ നിലനിറുത്തി മറ്റുള്ളവരെ ഒഴിവാക്കുന്നതിനോ എല്ലാവരെയും മാറ്റുന്നതിനോ താന്ത്രികമായി തടസമൊന്നുമില്ല.
പരിഹാസ്യ നിലപാടുകൾ
ക്ഷേത്രത്തിന്റെ പത്തായപ്പുരയിൽ നിന്ന് നൂറുമീറ്ററിലേറെ അകലെയുള്ള തിടപ്പള്ളിയിലേക്ക് സാധനങ്ങൾ തലയിൽ ചുമന്ന് എത്തിക്കണം. കഷ്ടപ്പാട് കണ്ട് ഇലക്ട്രിക് ബഗ്ഗി കാർ സമർപ്പിക്കാൻ ഭക്തൻ സന്നദ്ധനായപ്പോൾ ടയറുള്ള വണ്ടികൾ ക്ഷേത്രവളപ്പിൽ ഉപയോഗിക്കരുതെന്നായി തന്ത്രിമാർ. കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു സംഭവം. ചുമന്നുമടുത്ത ജീവനക്കാർ ഒറ്റച്ചക്ര ഉന്തുവണ്ടിയിൽ ഇവരുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോൾ സാധനങ്ങൾ എത്തിക്കുന്നത്. മാസങ്ങൾക്കുമുമ്പ് സോപാനപ്പടികൾ പിച്ചള പൊതിയാൻ ഒരു ഭക്തൻ അനുമതി തേടി. അതും അനുവദിച്ചില്ല.
ഇപ്പോഴത്തെ തന്ത്രിമാർ
1. തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്
2. നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാട്
3. നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരിപ്പാട്
4. ചെമ്മാപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാട്
5. കിടങ്ങശേരി രാമൻ നമ്പൂതിരിപ്പാട്
6. അണിമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്
ഇന്ന് യൂത്ത്
മൂവ്മെന്റ് മാർച്ച്
തൃശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ ഇന്ന് എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് മാർച്ചും ധർണയും നടത്തും. ഇരിങ്ങാലക്കുട പുതുകുളം മൈതാനിയിൽ നിന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന മാർച്ച് യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിലും, നാലരയ്ക്ക് ക്ഷേത്രത്തിന് മുന്നിൽ നടക്കുന്ന ധർണ യോഗം കൗൺസിലർ ബേബി റാമും ഉദ്ഘാടനം ചെയ്യും.
കഴകക്കാരനായി നിയമനം ലഭിച്ച യുവാവിന് കൃത്യനിർവഹണം സാധ്യമാകാത്ത അവസ്ഥയുണ്ടായത് മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തത്.
-ഡോ. ആർ ബിന്ദു, മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |