
എം.പിമാരും എം.എൽ.എമാരും ഡി.സി.സി അദ്ധ്യക്ഷന്മാരും പങ്കെടുക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനും സർക്കാർ രൂപീകരണത്തിനും ശേഷമുള്ള കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുടെയും സംയുക്ത യോഗം ഇന്ന് ഇന്ദിരാ ഭവനിൽ ചേരും. രാവിലെ 10 ന് ആരംഭിക്കുന്ന യോഗത്തിൽ കോൺഗ്രസ് എം.പിമാരും എം.എൽ.എമാരും, ഡി.സി.സി അദ്ധ്യക്ഷന്മാരും, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരും പങ്കെടുക്കും.
പത്ത് വർഷത്തിനു ശേഷമുള്ള ചരിത്ര വിജയത്തിന്റെ സന്തോഷം പങ്കിടലാണ് യോഗത്തിന്റെ ഉദ്ദേശ്യമെങ്കിലും സംഘടനാപരവും രാഷ്ട്രീയവുമായ വിഷയങ്ങളും ചർച്ചാ വിഷയമാവും. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ, തന്നെ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് സണ്ണി ജോസഫ് എ.ഐ.സി.സി നേതൃത്വത്തിന് കത്തയച്ചെങ്കിലും അതിന്മേൽ നടപടിയായിട്ടില്ല. കേരളത്തിലെ കോൺഗ്രസ് സംഘടനാ തലത്തിലുള്ള ഉടച്ചുവാർക്കലും ചർച്ചയായേക്കാം. കെ.പി.സി.സി പ്രസിഡന്റിന് പുറമെ വർക്കിംഗ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളുടെയും മാറ്റം അനിവാര്യമാണ്. ഡി.സി.സികളിലും അഴിച്ചുപണി വേണം.മൊത്തത്തിൽ പുനഃസംഘടന അനിവാര്യമായ ഘട്ടമാണ്. നിർണ്ണായക തീരുമാനങ്ങളുമായി സർക്കാരിന്റെ സുഗമമായ മുന്നോട്ടു പോക്കിന് സംഘടനാ പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹതയുണ്ടായിട്ടും സ്ഥാനാർത്ഥിത്വം കിട്ടാതെ പോയ നേതാക്കൾക്ക് ഉചിതമായ സ്ഥാനങ്ങൾ നൽകണം. ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയുടെ ചുമതലക്കാരെ നിശ്ചയിക്കണം. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ നിയമനവും പൂർണ്ണമല്ല. പല മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാർ പോലുമായില്ല.
മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമ വാർഷിക ദിനമാണിന്ന്. രാവിലെ അനുസ്മരണ ചടങ്ങിനും പുഷ്പാർച്ചനയ്ക്കും ശേഷമാവും യോഗം തുടങ്ങുക. വൈകുന്നതു വരെ നീണ്ടു പോയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |