
രേഖകൾ 7 ദിവസത്തിനകം നൽകണം: വിവരാവകാശ കമ്മിഷൻ
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് തട്ടിപ്പിലെ പരീക്ഷാരേഖകൾ പുറത്തുവിടാൻ വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടതിനുപിന്നാലെ അന്വേഷണച്ചുമതല വിജിലൻസ് എസ്.പിക്ക് നൽകാൻ പി.എസ്.സി യോഗത്തിൽ തീരുമാനം. ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ ഇരട്ടത്താപ്പും ഇന്റർവ്യൂവിലെ മാർക്ക് ദാനവും പി.എസ്.സിയെ പ്രതിക്കൂട്ടിലാക്കുകയും സമഗ്ര അന്വേഷണത്തിന് സർക്കാർ തയ്യാറെടുക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെയാണ് അന്വേഷണം വിജിലൻസിന് നൽകാൻ തീരുമാനിച്ചത്.
യോഗത്തിൽ അംഗങ്ങളുടെ രൂക്ഷ വിമർശനത്തെ തുടർന്ന് ചെയർമാൻ എം.ആർ.ബൈജു ഒറ്റപ്പെട്ടു. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കും വിധത്തിൽ അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നായിരുന്നു പ്രധാന വിമർശനം. അന്വേഷണം ആ നിലയിൽ തുടർന്നാൽ പി.എസ്.സി ചെയർമാനും പ്രതിക്കൂട്ടിലായേക്കും.
കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ തസ്തികയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ആക്ഷേപത്തിലാണ് അന്വേഷണം വിജിലൻസ് ആൻഡ് ഇന്റേണൽ സെക്യൂരിറ്റി ഓഫീസർക്ക് നൽകുന്നത്. പൊലീസ് ക്രൈംബ്രാഞ്ച് എസ്.പി സിനി എഫ്.ഡെന്നിസാണ് ഈ ചുമതല വഹിക്കുന്നത്. രണ്ടാഴ്‌ചയ്‌ക്കകം ഇടക്കാല റിപ്പോർട്ട് നൽകാൻ യോഗം നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്ചയിലെ പി.എസ്.സി യോഗ തീരുമാനം അട്ടിമറിച്ച്, തനിക്ക് കീഴിലുള്ള പരീക്ഷ കൺട്രോളർക്ക് ചെയർമാൻ എം.ആർ.ബൈജു അന്വേഷണച്ചുമതല നൽകിയതും വിവാദമായിരുന്നു.
വിവരാവകാശ ഉത്തരവ് കഠിനമാകും
ആസൂത്രണ ബോർഡ് വിവാദ നിയമനത്തിലെ പരീക്ഷാരേഖകൾ അപേക്ഷ നൽകിയവർക്ക് ഏഴ് ദിവസത്തിനകം നൽകണമെന്നാണ് വിവരാവകാശ കമ്മിഷൻ ഉത്തരവ്. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടിട്ടും ഒരു വർഷത്തിലേറെയായി നൽകാതിരുന്ന രേഖകളാണ് ഇതോടെ പുറത്തുവരുന്നത്. തിരുവനന്തപുരം സ്വദേശി ശ്യാംകൃഷ്‌ണൻ നൽകിയ അപ്പീൽ അപേക്ഷയിലാണ് പി.എസ്.സിയുടെ എതിർപ്പ് മറികടന്നുള്ള ഉത്തരവ്. എഴുത്തുപരീക്ഷയിലെയും അഭിമുഖത്തിന്റെയും മാർക്ക് വിവരങ്ങളുൾപ്പെടെ നൽകണമെന്നാണ് നിർദ്ദേശം. ഇതോടെ പരീക്ഷയിൽ കൂടുതൽ ക്രമക്കേട് ഉണ്ടോയെന്ന് വെളിപ്പെടും.
177 ഉത്തരക്കടലാസിൽ 9-ാം ചോദ്യവും കട്ട്
ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ തസ്തികയുടെ ഒന്നാം പേപ്പറിൽ ആകെ 228 ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്തേണ്ടിയിരുന്നത്. ഓൺസ്‌ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണയം നടത്തിയതിൽ എല്ലാ ഉത്തരക്കടലാസുകളുടെയും 10 മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരം മൂല്യനിർണയം ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ യോഗത്തിൽ പി.എസ്.സി പറഞ്ഞിരുന്നു. എന്നാൽ ആഭ്യന്തര വിജിലൻസ് ഓഫീസറായ പരീക്ഷാകൺട്രോളർ ബിനി ജെ.എബ്രഹാം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 177 ഉത്തരക്കടലാസുകളിൽ 9-ാമത്തെ ചോദ്യവും മൂല്യനിർണയം നടത്തിയിട്ടില്ലെന്നു കണ്ടെത്തി. ഇതോടെ പുനർ മൂല്യനിർണയത്തിനു ശേഷം നിലവിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പാടെ മാറുമെന്ന സ്ഥിതിയായി. ഇതിലെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |