
പീക്ക് സമയ ഉപഭോഗം 4,658 മെഗാവാട്ടിൽ
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ വൈദ്യുതി ഉപഭോഗം വർദ്ധിച്ച്, തിങ്കളാഴ്ച പീക്ക് സമയ ഉപഭോഗം 4,658 മെഗാവാട്ടായി. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണിത്. കാലവർഷം സജീവമായതോടെ പല ദിവസങ്ങളിലുമിത് 4,000 മെഗാവാട്ടിൽ താഴെയായിരുന്നു. തിങ്കളാഴ്ചയിലെ പ്രതിദിന ഉപഭോഗം 85.373 ദശലക്ഷം യൂണിറ്റായി. ഇനിയുള്ള ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ചേക്കും.
കാലവർഷത്തിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്ന ആശ്വാസത്തിലായിരുന്നു കെ.എസ്.ഇ.ബി. മഴയെ തുടർന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് 51 ശതമാനത്തിലാണ്. കഴിഞ്ഞവർഷം ഇതേസമയം 70 ശതമാനമായിരുന്നു. ജലനിരപ്പിൽ പ്രതീക്ഷിച്ച വർദ്ധനവില്ലെങ്കിലും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ചു. കഴിഞ്ഞദിവസം ആകെ ഉത്പാദനം 25.178 ദശലക്ഷം യൂണിറ്റായിരുന്നു.
ശനിയാഴ്ച വരെ മഴ മുന്നറിയിപ്പില്ല
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ടെങ്കിലും ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല. നേരിയതോ മിതമായതോ ആയ മഴയുണ്ടായേക്കാം. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങളിലും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനുള്ള സാദ്ധ്യതയുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |