
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് കേന്ദ്രസഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മന്ത്രി സി.പി.ജോണിനെ അറിയിച്ചു.
കെ.എസ്.ആർ.ടി.സിയുടെ നവീകരണത്തിനായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കണമെന്ന നിർദേശം സാമ്പത്തിക കാര്യ വകുപ്പിന് കൈമാറുമെന്ന് കൂടിക്കാഴ്ചയിൽ ഗഡ്കരി അറിയിച്ചു. പുതിയ ബസുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി ഭവന നഗരകാര്യ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാനത്തിന് നിർദേശം നൽകി.
എൻ.എച്ച്.എ.ഐ ടോൾ പ്ലാസകളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ടോൾ ഇളവ് നൽകുന്ന കാര്യം വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കും.
വാഹൻ, സാരഥി സേവനങ്ങളിൽ നിരന്തരമുണ്ടാകുന്ന തടസ്സങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന് (എൻ.ഐ.സി) നിർദേശം നൽകി. മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള ഇ- ചെലാൻ സംവിധാനം കേരളത്തിലും നടപ്പിലാക്കുന്നതിനായി ദേശീയ എൻ.ഐ.സിയും സംസ്ഥാന എൻ.ഐ.സിയും സംയുക്തമായി പ്രവർത്തിക്കാനും ഏതാനും ദിവസങ്ങൾക്കുള്ളിൽ സംയോജനം പൂർത്തിയാക്കാനും തീരുമാനമായി.
വ്യാജ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പി.യു.സി) തടയാൻ കർശന നടപടിയുണ്ടാകും. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന വിഷയം മന്ത്രി സി.പി ജോൺ യോഗത്തിൽ ഉന്നയിച്ചു. സംസ്ഥാന തലത്തിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനും ഗഡ്കരി നിർദേശിച്ചു. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കൽ കേന്ദ്രങ്ങളും (സ്‌ക്രാപ്പിങ് ഫെസിലിറ്റി) ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും എത്രയും വേഗം പ്രവർത്തനസജ്ജമാക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു.
ദേശീയപാതകളിലെ എ.എൻ.പി.ആർ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ് ഇൻ മോഷൻ (ഡബ്ല്യു.ഐ.എം) വിവരങ്ങളും സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായി പങ്കുവെക്കാമെന്ന് കേന്ദ്രം സമ്മതിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |