SignIn
Kerala Kaumudi Online
Thursday, 25 June 2026 1.57 AM IST

മദ്യത്തിൽ ചുവടുമാറ്റം ; യു.ഡി.എഫ്  തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

READ ENGLISH VERSION

vd-satheshan-

തിരുവനന്തപുരം: യു.ഡി.എഫിന്റെ മദ്യനയം അനുവദിച്ചാൽ മാത്രമേ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുകയെന്നും അതുവരെ വിൽപനയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിന്നാണ് മുഖ്യമന്ത്രി പിന്നാക്കം പോയത്.

0.5മുതൽ 20%വരെ ആൾക്കഹോൾ അടങ്ങിയ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിരക്ക് നിശ്ചയിച്ച ബഡ്ജറ്റ് നിർദ്ദേശം യു.ഡി.എഫിനകത്തും വിവാദമായ സാഹചര്യത്തിലാണ് നിലപാട് മാറ്റം.

ബഡ്ജറ്റ് ചർച്ചകൾക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യനയം രാഷ്ട്രീയ നയതീരുമാനമായിരിക്കും.അത് യു.ഡി.എഫിലെ എല്ലാകക്ഷികളുമായും ചർച്ച ചെയ്താണ് നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രിവ്യക്തമാക്കി.

നികുതി നിശ്ചയിക്കുന്നത് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്താണ്.നയമാണ് മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാർ 2022-23 വർഷത്തിലെ മദ്യനയത്തിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രകാരം 0.5 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുള്ള മദ്യം വിൽപ്പന നടത്താൻ വിദേശമദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇടതു സർക്കാർ അധികാരത്തിലെത്തുമ്പോൾ 28 ബാറുകളാണുണ്ടായിരുന്നത്. അവർ അത് 900ആക്കി. വൈനിന് 86 ശതമാനവും ബിയറിന് 116 ശതമാനവും നികുതി നിലവിലുള്ളപ്പോൾ, 60 ശതമാനംവരെ വീര്യമുള്ള വിദേശ നിർമ്മിത വിദേശമദ്യത്തിന് 78 ശതമാനം നികുതിനിരക്ക് നിശ്ചയിച്ച ഇടതുമുന്നണിയാണ് ഇപ്പോൾ ആരോപണവുമായിവരുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഇത്രകുറഞ്ഞ നിരക്ക് നിശ്ചയിച്ചത് ജോണിവാക്കറിലും ഷാവാലാസിലും നിന്ന് പണം വാങ്ങിയിട്ടായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

യു.ഡി.എഫ്.സർക്കാർ 10 ശതമാനംവരെ ആൾക്കഹോൾ അടങ്ങിയ മദ്യത്തിന് 120 ശതമാനവും പത്തിനും 20നും ഇടയിലുള്ള മദ്യത്തിന് 175 ശതമാനവും ആണ് നികുതി നിശ്ചയിച്ചത്.

കിരമണൽ: സ്വകാര്യവത്കരണം

പറഞ്ഞിട്ടില്ല

കരിമണൽ ഖനനം സ്വകാര്യവത്ക‌രിക്കുമെന്ന് ബഡ്ജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി ശക്തമായൊരു സമ്മിശ്ര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുമെന്നും സ്വകാര്യനിക്ഷേപം ആകർഷിക്കുമെന്നുമാണ് ബഡ്ജറ്റിലുള്ളത്. കേരളത്തെ രാജ്യത്തിന്റെ തന്ത്രപ്രധാനവും സമുദ്രബന്ധിതവുമായ വികസന മേഖലകളിൽ മുൻനിരയിൽ എത്തിക്കുകയാണ് ലക്ഷ്യം.

കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ. ഇതിനായി കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ്, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, കെൽട്രോൺ, ടൈറ്റാനിയം, കേന്ദ്രത്തിന്റെ എൻ.എഫ്.ഡി.സി എന്നിവയ്ക്കു പങ്കാളിത്തമുള്ള കൺസോർഷ്യം രൂപീകരിക്കും. അതാണ് പദ്ധതി നടപ്പാക്കുന്നത്. ഒരിടത്തും സ്വകാര്യവൽക്കരിക്കുമെന്ന് പറഞ്ഞിട്ടില്ല. ഇല്ലാത്ത കഥകളാണ് പ്രചരിപ്പിക്കുന്നത്. വാക്ക് മാറില്ല, യൂ ടേൺ ഇല്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR POLICY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA