
തിരുവനന്തപുരം: ഓണത്തിന് റേഷൻ കാർഡ് ഉടമകൾക്ക് അധികമായി നൽകുന്ന അരിക്ക് കിലോയ്ക്ക് 26 രൂപ നിരക്കിൽ ഈടാക്കും. 10.90 രൂപയിൽ കൂടുതൽ വില റേഷൻ ഗുണഭോക്താക്കളിൽ നിന്നും ഈടാക്കിയിരുന്നില്ല. എന്നാൽ നിലവിലുള്ളതും സ്പെഷ്യൽ വിഹിതവുമായി നൽകുന്ന അരിക്ക് വില വർദ്ധിപ്പിച്ചിട്ടില്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ അറിയിച്ചു. ഒ.എം.എസ്.എസ് (ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം) പ്രകാരമാണ് അരി 26 രൂപയ്ക്ക് നൽകുന്നത്. പൊതു വിപണിയിൽ 45- 50 രൂപയ്ക്കു ലഭിക്കുന്ന അരിയാണിത്.
ഈ മാസം എ.എ.വൈ കാർഡിന് 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും , മുൻഗണനാ വിഭാഗത്തിന് (പിങ്ക്) ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. എൻ.പി.എസ് (നീല) കാർഡിന് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാലു രൂപ നിരക്കിലും സ്പെഷ്യൽ വിഹിതമായി 3 കിലോ അരി 10.90 രൂപയ്ക്കും രണ്ട് കിലോ ഗോതമ്പ് 8.90 രൂപ നിരക്കിലും ലഭിക്കും.എൻ.പി.എൻ.എസ് (വെള്ള) കാർഡിന് രണ്ട് കിലോ അരി 10.90 രൂപയ്ക്കും സ്പെഷ്യൽ വിഹിതമായി രണ്ട് കിലോ ഗോതമ്പും ലഭിക്കും. ഇതിനു പുറമെയുള്ള അരിക്കാണ് വില 26 രൂപ നൽകേണ്ടത്. മഞ്ഞ കാർഡിന് ഈ അരി ലഭിക്കില്ല. പിങ്ക് കാർഡിന് മൂന്നു കിലോ അരിയും മറ്റു കാർഡുകൾക്ക് 10 കിലോ അരിയുമാണ് 26 രൂപ നിരക്കിൽ ലഭിക്കുക. 26 രൂപയ്ക്കുള്ള അരി വിതരണം 10ന് ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |