SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

വിഴിഞ്ഞം മുക്കോല നടുറോഡിൽ യുവാവിനെ തല്ലിക്കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ

s

തിരുവനന്തപുരം: ബാറിലെ തർക്കത്തിനൊടുവിൽ യുവാവിനെ നടുറോഡിൽ ചവിട്ടിയും ഇടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളായണി പാലപ്പൂര് അരുൺ നിവാസിൽ സുമൻ (38) ആണ് കൊല്ലപ്പെട്ടത്. ബാലരാമപുരം ആർ.സി സ്ട്രീറ്റ് തൊളിയറത്തല സ്വദേശികളായ അച്ചു എസ്. ബാബു (24), അനന്തു .എസ്. എസ് (19) എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. വാരിയെല്ലുകൾ ഒടിഞ്ഞ് ഹൃദയത്തിലും ശ്വാസകോശത്തിലും തറച്ചതും കഴുത്തിലെ എല്ല് ഒടിഞ്ഞതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവവുമുണ്ടായി.

മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതാണ് അരുംകൊല വെളിച്ചത്തുവരാൻ ഇടയായത്. ജീവൻ നഷ്ടമായ ശേഷവും പ്രതികൾ സുമനെ റോഡിലിട്ട് ചവിട്ടിച്ചതച്ചു. പയറ്റുവിളയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ് പ്രതികൾ. റോഡിൽ കിടന്ന സുമന്റെ ചേതനയറ്റ ദേഹം പൊലീസെത്തിയാണ് വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.


ബാറിലെ തർക്കം വഴിതെറ്റി​

ബുധനാഴ്ച രാത്രി പത്തരയോടെ വിഴിഞ്ഞം മുക്കോലയിലെ ബാറിലായിരുന്നു സംഭവങ്ങളുടെ തുടക്കം. മദ്യപിക്കുന്നതിനിടെ മറ്റൊരാളും പ്രതി അച്ചുവുമായി തർക്കമുണ്ടായി. തുടർന്ന് ഇയാളെക്കൊണ്ട് അച്ചു തന്റെ കാലുപിടിപ്പിച്ച് മാപ്പുപറയിച്ചു. ഇതുകണ്ട് സുമൻ ഇടപെട്ടു. പിടിവലിക്കിടെ അച്ചുവിന്റെ മുഖത്ത് ഇടിയേറ്റു. തിരിച്ച് മർദ്ദനമേറ്റ സുമൻ പുറത്തേക്കിറങ്ങി ഓടി. ഇതിനിടെ അച്ചു സഹോദരൻ അനന്തുവിനെ ഫോണിൽ വിളിച്ചുവരുത്തി.തുടർന്ന് അനന്തുവും അച്ചുവുംകൂടി സുമനെ ദേശീയപാത ബൈപാസിന്റെ സർവീസ് റോഡിലേക്ക് തള്ളിയിട്ട് ക്രൂരമായി മർദ്ദിച്ചു. തലയിലും നെഞ്ചിലും ചവിട്ടുകയും ഇടിക്കുകയും ചെയ്തതോടെ സുമന് എഴുന്നേൽക്കാനായില്ല. ഈ സമയം ബാറിന്റെ മുന്നിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും ഇടപെട്ടില്ല.

മർദ്ദനത്തിന്റെ വീഡിയോ ചിത്രീകരിച്ച ഇവരിൽ ചിലരെ പ്രതികൾ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ പ്രതികൾക്കു നേരെ ചിലർ പെപ്പർ സ്പ്രേ പ്രയോഗിക്കാൻ ശ്രമിച്ചതോടെ ഇരുവരും സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. പൊലീസ് എത്തി വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം ഉറപ്പാക്കിയതോടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.
പ്രതികളെ സംഭവദിവസം രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. പ്രതികളുടെ രണ്ട് സുഹൃത്തുക്കൾകൂടി പിടിയിലായെങ്കിലും കേസിൽ നേരിട്ട് ബന്ധമില്ലാത്തതിനാൽ വിട്ടയച്ചു. സുമൻ കോവളത്തെ റസ്റ്റോറന്റിൽ കുക്കായിരുന്നു. മൃതദേഹം പൊതുദർശനത്തിനുശേഷം മുട്ടത്തറ ശ്മശാനത്തിൽ സംസ്‌കരിച്ചു. ഭാര്യ: രമ്യ (തെറാപ്പിസ്റ്റ്). ഏകമകൾ : അനാർക്കലി (5). സുരേഷ് ബാബുവിന്റെ മക്കളാണ് പ്രതികളായ സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA