
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ധവളപത്രം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. യഥാർത്ഥ ഇടതുപക്ഷം താനാണെന്ന് പറഞ്ഞ വി.ഡി.സതീശൻ, തീവ്ര വലതുപക്ഷമാണെന്നതിന്റെ തെളിവാണ് ധവളപത്രമെന്ന് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ പിന്തുണയുള്ളതിനാലാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ച് ധവളപത്രത്തിൽ ഒന്നും പറയാതിരിക്കുന്നത്. സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയല്ലെന്ന് ഇപ്പോൾ യു.ഡി.എഫിന് സമ്മതിക്കേണ്ടി വന്നു. അദാനിക്കും അംബാനിക്കും കേരളത്തിന്റെ സമ്പത്തുകൾ തീറെഴുതി നൽകാനാണ് ധവളപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കെ.എസ്.ആർ.ടി.സി, വാർട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് വരുത്തി തീർത്ത് സ്വകാര്യ വൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. റിയൽ എസ്‌റ്റേറ്റ് മാഫിയയുമായി ചേർന്ന് ഈ സ്ഥാപനങ്ങളുടെ ഭൂമി വിറ്റുതുലയ്ക്കാനാണ് ലക്ഷ്യം. ഊർജ്ജ ധാതു മേഖലകളിൽ സ്വകാര്യവൽക്കരണം നടപ്പാക്കാനും നിർദ്ദേശമുണ്ട്. നേരത്തെ രഹസ്യമായി നടത്തിയ മംഗലാപുരം യാത്രയുടെ യഥാർത്ഥ ലക്ഷ്യം ഇതാണെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി വിമാനത്താവളം ഉൾപ്പെടെ വിൽക്കുകയെന്ന നിലപാടിലേക്കാണ് യു.ഡി.എഫ് സർക്കാർ പോകുന്നത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിലൂടെ നിയമന നിരോധനമാണ് ഉണ്ടാകുക. കിഫ്ബി വലിയതോതിൽ അടിസ്ഥാന സൗകര്യ വികസനം നടത്തിയതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും കിഫ്ബിയെ ഒഴിവാക്കുന്ന രീതിയിലാണ് ധവളപത്രം തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ ഇല്ലാതാക്കിയ ലോക്കപ്പ് മർദ്ദനവും ജയിൽ മർദ്ദനവും തിരിച്ചുവരികയാണ്. സുരേഷ്ബാബുവിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. ഈ വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |