SignIn
Kerala Kaumudi Online
Monday, 08 June 2026 8.49 AM IST

ദർശനപുണ്യമായി മണ്ണാറശാല ആയില്യം എഴുന്നള്ളത്ത്

READ ENGLISH VERSION

mannarashala

ഹരിപ്പാട് : ഏഴ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ നടന്ന തുലാംമാസത്തിലെ ആയില്യം എഴുന്നള്ളത്ത് ദർശിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ഇന്നലെ വെളുപ്പിന് നടതുറന്ന് അഭിഷേകങ്ങൾ പൂർത്തിയാക്കി ഇളയ കാരണവർ എം.കെ.കേശവൻ നമ്പൂതിരി ആയില്യം പൂജകൾ ആരംഭിച്ചു. തുടർന്ന് ഇല്ലത്ത് നിലവറയ്ക്ക് സമീപം അമ്മ സാവിത്രി അന്തർജനം ഭക്തജനങ്ങൾക്ക് ദർശനം നൽകി.

ഉച്ചപൂജയ്ക്ക് ശേഷം ഇളയകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുളള തളത്തിൽ നാഗപത്മക്കളം വരച്ചു. കളം പൂർത്തിയായതോടെ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ അനുഗമിച്ചു. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചതിന് ശേഷം കുത്തുവിളക്കിലേക്ക് കുടുംബകാരണവർ ദീപം പകർന്നതോടെ എഴുന്നള്ളത്തിന് മുന്നോടിയായി ശംഖ്, തിമിലത്താണി, വായ്ക്കുരവ എന്നിവ മുഴങ്ങി. വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും, ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും കാരണവൻമാരായ എം.കെ.കേശവൻ നമ്പൂതിരി നാഗചാമുണ്ഡിയമ്മയുടെ വിഗ്രഹവും ജയകുമാർ നമ്പൂതിരി നാഗയക്ഷിയമ്മയുടെ വിഗ്രഹവുമായി ക്ഷേത്രത്തിന് വലംവച്ച് ഇല്ലത്തേക്ക് എത്തി. എഴുന്നളളത്ത് കണ്ട് അമ്മയെ വണങ്ങാൻ ഭക്തർ വഴിയുടെ ഇരുവശങ്ങളിലും നിന്നിരുന്നു. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിയതോടെ അമ്മയുടെ കാർമ്മികത്വത്തിൽ ആയില്യംപൂജ ആരംഭിച്ചു. നൂറുംപാലും, ഗുരുതി ഉൾപ്പടെയുള്ള ആയില്യം പൂജകൾ അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്. ആയില്യംപൂജകൾക്ക് ശേഷം അമ്മയുടെ അനുമതിവാങ്ങി കുടുംബകാരണവർ തട്ടിന്മേൽ നൂറുംപാലും നടത്തി. ഇതിന് ശേഷം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനത്തോടെ ഇക്കൊല്ലത്തെ ആയില്യം ആഘോഷങ്ങൾക്ക് സമാപ്തിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MANNARASHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA