
കൊച്ചി: ഓപ്പറേഷൻ തൂഫാൻപോലെ നല്ലകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെ നാറ്റിക്കാനാണോ ശ്രമം. സർക്കാർ നാറിക്കോട്ടെ എന്നാരെങ്കിലും പറഞ്ഞു തന്നിരുന്നോ. ഹൈക്കോടതിയുടെ രൂക്ഷമായ ചോദ്യങ്ങൾക്ക് മുന്നിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സുധീർ കല്ലൻ വിയർത്തു.
ഡെന്റൽ വിദ്യാർത്ഥി നിതിൻരാജിന്റെ മരണത്തിൽ അറസ്റ്റിന് കാരണം വ്യക്തമാക്കാതെ ഡോ. റാമിന് രക്ഷപ്പെടാൻ ആദ്യം അവസരമൊരുക്കിയിരുന്നു. ഇതിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ ജസ്റ്റിസ് എ. ബദറുദ്ദീൻ നിറുത്തിപ്പൊരിച്ചത്. കോടതി വിളിപ്പിച്ചതുപ്രകാരം എസ്.പി കെ.വി. വേണുഗോപാലും ഹാജരായിരുന്നു.
'പ്രതി ഗുരുതര കുറ്റം ചെയ്തതിനാലും മുൻകൂർജാമ്യം തള്ളിയതിനാലും അറസ്റ്റ് ചെയ്യുന്നു" എന്നായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇതല്ലല്ലോ സുപ്രീംകോടതി നിർദ്ദേശിച്ചതെന്ന് സിംഗിൾബെഞ്ച് ചോദിച്ചു.
സാധാരണക്കാർക്കായി ഇവിടെ കോടതിയുണ്ട്. നീതി അന്യം നിന്നിട്ടില്ല. ആരേയും ഉപദ്രവിക്കാമെന്ന ചിന്ത പൊലീസിന് വേണ്ട. മേലാൽ ആവർത്തിക്കരുത്. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നും അറിയിച്ചു.
ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്കനടപടി ആരംഭിച്ചെന്ന് സർക്കാർ വിശദീകരിച്ചു. റാമിനെ വീണ്ടും അറസ്റ്റുചെയ്ത് റിമാൻഡിലാക്കിയെന്നും അറിയിച്ചു. എന്നാൽ അതുകൊണ്ടൊന്നും നിതിന്റെ മാതാപിതാക്കളുടെ വിഷമം മാറില്ലെന്ന് കോടതി പരാമർശിച്ചു. നടപടി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
ചോദ്യമുനയിൽ പൊലീസ്
? ഹൈക്കോടതി: എത്രനാളായി സർവീസിലുണ്ട്
ഡിവൈ.എസ്.പി സുധീർ: 22 വർഷം
? രണ്ട് വർഷത്തിനിടെ എത്ര അറസ്റ്റ് നടത്തിയിട്ടുണ്ട്
പത്തെണ്ണമെങ്കിലും
? മറ്റുള്ളവയിൽ അറസ്റ്റിന്റെ സാഹചര്യം സമർപ്പിച്ചിരുന്നോ
ഉവ്വ്
? പിന്നെ ഈ കേസ് മാത്രം ഇത്ര കുഴപ്പമായതെന്ത്
മനഃപൂർവം ഒന്നുമുണ്ടായിട്ടില്ല
? പ്രതി സുപ്രീംകോടതിയിൽ പോകുന്നതുവരെ കാത്തിരുന്നതെന്തിന്
കണ്ടെത്താൻ കർണാടകയിൽവരെ അന്വേഷിച്ചിരുന്നു
? പ്രതി രക്ഷപ്പെട്ടോട്ടെയെന്ന് മേലുദ്യോഗസ്ഥർ പറഞ്ഞോ
മേലധികാരികൾ വിളിക്കാറുണ്ട്. മറ്റൊന്നുമുണ്ടായിട്ടില്ല.
? ആഭ്യന്തരവകുപ്പിന്റെ ശോഭകെടുത്താൻ അവരാരെങ്കിലും പറഞ്ഞോ
(മറുപടിയില്ല)
? എന്തായാലും നിങ്ങളുടേത് നടപടിയെടുക്കേണ്ട ഗുരുതരമായ വീഴ്ചയാണ്
ഇതുവരെ തെറ്റുപറ്റിയിട്ടില്ലെന്ന് സുധീർ
? പക്ഷേ പറ്റിയത് നല്ല ഒന്നാന്തരമാണ്. 'ഒറ്റ മുറിവേ ഉണ്ടാക്കിയുള്ളൂ, അത് കഴുത്തിലായിപ്പോയി " എന്നു പറയുന്നതുപോലെയാണിത്
സുധീറിന് മൗനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |