
കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവിച്ച 17 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നതായി പരാതി. പത്തനംതിട്ട സ്വദേശിനിയായ ഷാഹിനയാണ് കുഞ്ഞിനെ മറ്റൊരു സ്ത്രീക്ക് കൈമാറിയ ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങിയത്.
മാതാവ് തിരിച്ചെത്താതായതോടെ കുഞ്ഞുമായി ഇന്നലെ വെെകീട്ട് നാല് മണിയോടെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ വിവരം അറിയിച്ചു. തുടർന്ന് കുഞ്ഞിനെ മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏഴിനാണ് ഷാഹിന മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനെത്തിയത്. കൂട്ടിരിക്കാനായി സുഹൃത്തിന്റെ മാതാവ് ഉമ്മുക്കുൽസുവിനെ വിളിച്ചു വരുത്തി. എട്ടിന് ഷാഹിന പ്രസവിച്ചു. 12-ന് ഡിസ്ചാർജായപ്പോൾ, പത്തനംതിട്ടയിലേക്ക് പോവുകയാണെന്നും വേഗം തിരിച്ചുവരുമെന്നും പറഞ്ഞാണ് ഷാഹിന കുഞ്ഞിനെ അവരുടെ കൈയിലേൽപ്പിച്ചത്. തുടർന്ന് ഉമ്മുക്കുൽസു കുഞ്ഞുമായി കൽപ്പറ്റയിലും താമരശ്ശേരിയിലും കുന്ദമംഗലത്തും മുറിയെടുത്ത് താമസിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഷാഹിന എത്താതായതോടെയാണ് വിവരം പുറത്തറിഞ്ഞത്. അതേസമയം, ഹോട്ടൽ ബില്ലിനും ഭക്ഷണച്ചെലവിനുമായി ഷാഹിന ഗൂഗിൾ പേ വഴി
പണമയച്ചിരുന്നതായി പൊലീസ് അറിയിച്ചു. ഷാഹിനയുടെ മാതാപിതാക്കളുമായി പൊലീസ് ബന്ധപ്പെട്ടതിനെത്തുടർന്ന് അവർ ഇന്ന് കോഴിക്കോട്ടെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |