
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന മെമ്മറി കാർഡ് അനധികൃതമായി തുറന്നുപരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ, സൈബർ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
മെമ്മറി കാർഡ് സംബന്ധിച്ച ജില്ലാജുഡിഷ്യറിയുടെ അന്വേഷണ റിപ്പോർട്ടുകൾ റദ്ദാക്കണമെന്നും ഇതിലെ അട്ടിമറി സാദ്ധ്യത പരിശോധിക്കണമെന്നും ആവശ്യമുണ്ട്. ഹർജി അടുത്ത ദിവസം പരിഗണിക്കും.
മൂന്നുതവണ മെമ്മറി കാർഡ് സംശയാസ്പദ സാഹചര്യത്തിൽ പരിശോധിച്ചതിനെക്കുറിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാശം എറണാകുളം ജില്ലാസെഷൻസ് ജഡ്ജി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. 2018 ജനുവരി 9ന് അങ്കമാലി മജിസ്‌ട്രേട്ട് മെമ്മറി കാർഡ് വീട്ടിൽ കൊണ്ടുപോയി പരിശോധിച്ചതിൽ തെറ്റില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിസംബർ 13ന് ജില്ലാസെഷൻസ് കോടതിയിലെ സീനിയർ ക്ലാർക്ക് മഹേഷ് മോഹൻ ഫോണിൽ ദൃശ്യങ്ങൾ കണ്ടു. ഇത് ജഡ്ജിയുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും മൊഴി നൽകി. എന്നാൽ താൻ അത്തരമൊരു അനുമതി നൽകിയിട്ടില്ലെന്ന് പിന്നീട് ജഡ്ജി തന്നെ വ്യക്തമാക്കിയിരുന്നെന്നും ഹർജിക്കാരി ആരോപിച്ചു.
ശാസ്ത്രീയ പരിശോധനയില്ല,
പൊലീസ് സഹായം തേടിയില്ല
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ദൃശ്യങ്ങൾ കാണാൻ ഉപയോഗിച്ച ഫോണുകൾ കളഞ്ഞുപോയെന്നും മറ്റുമുള്ള ജീവനക്കാരുടെ മൊഴികൾ കണ്ണടച്ച് വിശ്വസിച്ചു. ഫോണുകൾ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടിയതുമില്ല. അന്വേഷണത്തിൽ തന്നെ പങ്കെടുപ്പിക്കാതിരുന്നത് നീതിനിഷേധമാണ്. സ്വന്തം കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവം അതേ കോടതി തന്നെ അന്വേഷിക്കുന്നത് സ്വാഭാവികനീതിക്ക് നിരക്കുന്നതല്ലെന്നും ഹർജിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |