
ശ്രീകാര്യം:ശബരിമലയിൽ പോവുകയും, പോയാൽ കൈകൂപ്പി പ്രാർത്ഥിക്കുകയും ചെയ്യുന്ന ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഇന്നുള്ളതെന്ന് മന്ത്രി കെ.മുരളീധരൻ.
സ്വാമി സത്യാനന്ദസരസ്വതിയുടെ 91-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചേങ്കോട്ടുകോണത്ത് വിശ്വശാന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശബരിമലയിൽ അയ്യപ്പഭക്തരുടെ വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സനാതനധർമ്മവിശ്വാസികൾക്ക് മാത്രമേ പ്രപഞ്ചം സമാധാനമായിരിക്കട്ടെയെന്ന് ചിന്തിക്കാനും പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും കഴിയൂവെന്ന് മുഖ്യപ്രഭാഷണം നടത്തിയ വി.മുരളീധരൻ എം.എൽ.എ പറഞ്ഞു. ശ്രീരാമദാസമിഷൻ പ്രസിഡന്റ് ശ്രീശക്തി ശാന്താനന്ദമഹർഷി അദ്ധ്യക്ഷനായിരുന്നു. മാധവൻ ബി.നായർ രചിച്ച പുസ്തകം 'സനാതനധർമ്മദർശനം' മന്ത്രി പ്രകാശനംചെയ്തു. കൈമനം മാതാഅമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, മുൻ എം.പി എൻ.പീതാംബരക്കുറുപ്പ്, മുൻ എം.എൽ.എ എം.എ.വാഹിദ് , ശ്രീരാമദാസമിഷൻ യൂണിവേഴ്സൽ സൊസൈറ്റി പ്രസിഡൻറ് എസ്.കിഷോർകുമാർ തുടങ്ങിയവർ സംസാരിച്ചു. സുദർശനൻ കാർത്തികപറമ്പിൽ കവിതാലാപനം നടത്തി.
സ്വാമി സത്യാനന്ദസരസ്വതിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീരാമദാസആശ്രമം മിഷൻ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം 20 മുതൽ വിശ്വശാന്തിപഞ്ചദശാഹയജ്ഞമായി എല്ലാ ജില്ലകളിലും ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് വിശ്വശാന്തിസമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |