SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.17 AM IST

മുൻ എം.എൽ.എ പി.എ മാധവൻ അന്തരിച്ചു

1

തൃശൂർ:മുതിർന്ന കോൺഗ്രസ് നേതാവും മുൻ മണലൂർ എം.എൽ.എയുമായ പി.എ. മാധവൻ (80) അന്തരിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂർ മുണ്ടൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് എറണാകുളം റെനൈ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2011 മുതൽ 2016 വരെ മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ ഈ അപകടത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം നൽകിയ പരാതിയിൽ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ഭാര്യ: സാവിത്രി. മകൻ: സമീർ.

1946 സെപ്തംബർ 14ന് മുണ്ടൂരിൽ അച്യുതൻ നായരുടെയും പാർവതി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം വിമോചന സമരത്തിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. തുടർന്ന് ഡി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് (2016- 17), എ.ഐ.സി.സി അംഗം, കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗം, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ ദീർഘകാലം സജീവമായിരുന്നു.

മാള കോ- ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് ചെയർമാൻ, ജില്ലാ മത്സ്യവിൽപ്പന തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ ചുമതലകൾക്ക് പുറമെ കേരള ലക്ഷ്മി മിൽസ്, കെ.എസ്.ഇ.ബി, റെയിൽവേ ഗുഡ്‌സ് ഷെഡ് ഉൾപ്പെടെ പ്രമുഖ തൊഴിലാളി യൂണിയനുകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ ലൈസൻസുള്ള ഡോക്യുമെന്റ് റൈറ്റർ കൂടിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA