SignIn
Kerala Kaumudi Online
Thursday, 15 October 2026 10.29 AM IST

ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ മുകേഷ് എം.എൽ.എ ശ്രീനഗറിൽ

m-mukesh

തിരുവനന്തപുരം: ''പൊട്ടിക്കരയുന്ന സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ... എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ‌ഞങ്ങൾ. കൂട്ടത്തിലൊരാളുടെ തൊളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഉടൻ അയാൾ എന്റെ കൈയിൽ പിടിച്ച് എങ്ങലടിച്ചു കരഞ്ഞു. എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞങ്ങൾ കുഴങ്ങി"".

ശ്രീനഗർ പൊലീസ് ഗ്രൗണ്ടിലെത്തിയപ്പോഴുള്ള അനുഭവം 'കേരളകൗമുദി"യോടു വിവരിക്കുകയായിരുന്നു നടനും എം.എൽ.എയുമായ മുകേഷ്.

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങൾ അവിടെ എത്തിച്ചിരുന്നു. ഭീകരരുടെ കൊടുംക്രൂരതയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവരാണ് അവിടെ കൂടിനിന്ന് വിലപിച്ചത്. ''കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അവിടേക്ക് എത്തിയപ്പോഴേക്കും ഇവരുടെ സങ്കടം ഇരട്ടിയായി. ''ഞങ്ങൾ എന്ത് തെറ്റു ചെയ്തു? എന്തിനാണവർ നമ്മുടെ പ്രിയപ്പെട്ടവരെ കൊന്നത്? തിരിച്ചുകിട്ടുമോ നഷ്ടപ്പെട്ടവരുടെ ജീവൻ...?""

ശ്രീനഗറിലെ നിയമസഭ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച എത്തിയതായിരുന്നു മുകേഷ്. കെ.പി.എ. മജീദ്, ടി.സിദ്ദിഖ്, കെ.അൻസലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കേരളത്തിൽ നിന്നുള്ള എം.എൽ.എമാരാണെന്ന് അറിഞ്ഞപ്പോൾ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടുത്തെത്തി പറഞ്ഞു: 'വീ ആർ സോറി". മൃതശരീരങ്ങളിൽ പൂക്കളർപ്പിച്ചശേഷമാണ് അവിടെ നിന്നു മടങ്ങിയത്.

കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ മകളെ എം.എൽ.എമാർ ഫോണിൽ വിളിച്ചുസംസാരിച്ചു. മരണ വിവരം രാമചന്ദ്രന്റെ ഭാര്യയെ അറിയിച്ചിട്ടില്ലെന്ന് മകൾ പറഞ്ഞു. അതുകൊണ്ട് അവരെ കാണാൻ ശ്രമിച്ചില്ല.

ബംഗളൂരു വഴിയാണ് ജനപ്രതിനിധി സംഘം ശ്രീനഗറിൽ എത്തിയത്. ''ബംഗളൂരുവിൽ നിന്നു പുറപ്പെട്ട വിമാനത്തിൽ കൂടുതൽ പേരും മലയാളികളായിരുന്നു. കാശ്മീർ കാണാൻ പോകുന്നതിന്റെ ത്രില്ലിലായിരുന്നു അവരെല്ലാം. ശ്രീനഗറിൽ എത്തിയപ്പോഴും ചിലരൊക്കെ സെൽഫി എടുക്കാൻ വന്നു. അതെല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് സീനാകെ മാറിയത്. ഭീകരാക്രമണം നടന്നുവെന്നറിഞ്ഞുവെങ്കിലും അതിന്റെ ഭീകരാവസ്ഥ അറിഞ്ഞത് അപ്പോഴാണ്. നമ്മളെ സുരക്ഷിതമായി താമസസ്ഥലത്തേക്ക് പട്ടാളം കൂട്ടിക്കൊണ്ടു പോയി.""

നായർസാബ് സിനിമയുടെ ഷൂട്ടിംഗ് നടന്നപ്പോൾ ഈ പഹൽഗാം ഉൾപ്പെടെയുള്ള സ്ഥലത്ത് പോയിട്ടുണ്ട്. എന്ത് മനോഹരമായ സ്ഥലം. അന്നൊക്കെ പ്രദേശവാസികളോട് സംസാരിക്കുമ്പോൾ ചിലർക്ക് പാകിസ്ഥാൻ ചായ്‌വുള്ളതായി മനസിലായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ നാട്ടുകാരിൽ പാകിസ്ഥാനോടുളള താത്പര്യമൊക്കെ ഇല്ലാതായി. ടൂറിസം നല്ല രീതിയിൽ വളർന്നുവരികയായിരുന്നു. അപ്പോഴാണ് ഈ ക്രൂരത...""

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUKESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA