
തിരുവനന്തപുരം: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻബാബുവിന്റെ മരണത്തെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണത്തിൽ നിർണായകമാവുക തളിപ്പറമ്പിലെ പെട്രോൾപമ്പിനായുള്ള കോഴയാരോപണമായിരിക്കും. പെട്രോൾപമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തൻ, പമ്പിന്റെ അനുമതിക്ക് നവീൻബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പി.പി.ദിവ്യ നവീൻബാബുവിനെ ആക്ഷേപിച്ചത്.
ടി.വി.പ്രശാന്തൻ, പി.പി.ദിവ്യ, പമ്പ് അനുവദിച്ച ഭാരത്പെട്രോളിയം അധികൃതർ, ഫയൽതീർപ്പാക്കുന്നതിലെ മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ അന്നത്തെ ജില്ലാകളക്ടർ അരുൺ കെ.വിജയൻ, കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണ പരിധിയിൽ വരും. പമ്പിന്റെ പങ്കാളിത്തക്കരാർ രേഖ കണ്ണൂർ കളക്ടറേറ്റിൽ നിന്ന് കാണാതായിട്ടുമുണ്ട്.
അന്വേഷണ വഴികൾ 4
1. പെട്രോൾപമ്പിനായി നാലുകോടിയോളം ചെലവഴിച്ചതാര്, പണത്തിന്റെ സ്രോതസെന്ത്, ബിനാമിയിടപാടുണ്ടോ?
2. പൊലീസ്, സിവിൽസപ്ലൈസ്,തദ്ദേശം, ഫയർഫോഴ്സ്,മരാമത്ത്, റവന്യു, മലിനീകരണനിയന്ത്രണം വകുപ്പുകൾ പമ്പിന് എൻ.ഒ.സി അനുവദിച്ചിരുന്നോ?
3. പമ്പനുവദിക്കാൻ 25 ലക്ഷത്തിന്റെ വ്യക്തിഗതനിക്ഷേപവും അരക്കോടിയുടെ കുടുംബആസ്തിയും ഹാജരാക്കിയോ. 20വർഷത്തേക്ക് സ്ഥലംപാട്ടത്തിനെടുത്തത് ക്രമപ്രകാരമോ?
4. കൊടുംവളവിൽ പമ്പ് പാടില്ലെന്ന ജില്ലാപൊലീസ് മേധാവിയുടെ എതിർപ്പ് മറികടന്നതെങ്ങനെ? വളവ് നിവർത്താത്ത സാഹചര്യത്തിൽ ആ എതിർപ്പ് ക്രമപ്പെടുത്തിയതെങ്ങനെ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |