
ന്യൂഡൽഹി: മേയ് മൂന്നിന് നടന്ന നീറ്റ് ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ ടെലിഗ്രാം അടക്കം സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമുകൾ നിരീക്ഷണത്തിലാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ചോദ്യങ്ങൾ ചോർത്തുന്ന മാഫിയകളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന് വിവിധ പ്ളാറ്റ്ഫോമുകളോട് സർക്കാർ അഭ്യർത്ഥിച്ചു.
മേയ് 21ന് ടക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് മെറ്റ, ഗൂഗിൾ, ടെലിഗ്രാം പ്ളാറ്റ്‌ഫോമുകളുടെ പ്രതിനിധികളോട് അഭ്യർത്ഥിച്ചത്. കേന്ദ്ര സുരക്ഷാ, ഇന്റലിജൻസ് ഏജൻസികളുടെ പ്രതിനിധികളും പങ്കെടുത്തു. അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും സമയബന്ധിതമായ പ്രതിരോധ, തിരുത്തൽ നടപടികൾ ഉറപ്പാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകൾ യോഗം അവലോകനം ചെയ്തു.
ചോർത്തിയ ചോദ്യങ്ങൾ ടെലിഗ്രാം ചാനലുകൾ വഴി പ്രചരിപ്പിക്കുന്നത് തടയാനുള്ള മാർഗങ്ങളും ചർച്ചയായി. പരീക്ഷകൾക്ക് മുന്നോടിയായി സജീവമാകുന്ന നിരവധി ചാനലുകൾ വഴി ചോദ്യപേപ്പർ ലഭ്യമാണെന്ന വിവരം പ്രചരിപ്പിക്കുന്നു. ലിങ്കുകൾ വഴി ഇത്തരം ചാനലുകൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഓട്ടോമേറ്റഡ് ബോട്ടുകളിലേക്കും വ്യാജ ഗ്രൂപ്പുകളിലേക്കും തിരിച്ചു വിടുന്നു. ചുരുക്കം ചില ഫോൺ നമ്പറുകൾ വഴി ഒന്നിലധികം ചാനലുകൾ പരസ്‌പരം ഏകോപിതവും സംഘടിതവുമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.
എൻ.ടി.എ ജീവനക്കാരിലേക്ക്
അന്വേഷണം
റദ്ദാക്കിയ മേയ് മൂന്നിലെ നീറ്റ് യുജി ചോദ്യപേപ്പർ തയ്യാറാക്കിയവരുടെയും വിവർത്തകരുടെയും വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ചോർച്ച അന്വേഷിക്കുന്ന സി.ബി.ഐയ്‌ക്ക് കൈമാറി. മേയ് 7 ന് രാജസ്ഥാനിലെ സിക്കറിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ എൻ.ടി.എയ്‌ക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ നിന്നാണ് ചോർച്ച നടന്നതായുള്ള വിവരം ലഭിച്ചത്. ചോർന്ന പേപ്പറിന്റെ പിഡിഎഫ് പകർപ്പ് അയാൾ അയച്ചിരുന്നു.യഥാർത്ഥ ചോദ്യ പേപ്പറിലെ കെമിസ്ട്രി വിഭാഗത്തിലുള്ള എല്ലാ ചോദ്യങ്ങളും ബയോളജി പേപ്പറിലെ ചില ചോദ്യങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. കെമിസ്ട്രി പേപ്പർ തയ്യാറാക്കുകയും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത 27 ആളുകളുടെ വിശദാംശങ്ങളാണ് എൻ.ടി.എ കൈമാറിയത്. ഒരോ ഭാഷയ്‌ക്കും രണ്ടു വീതം വിവർത്തകരാണുള്ളത്. ഇവരിൽ ചിലർ മുൻവർഷങ്ങളിലും എൻ.ടി.എയ്‌ക്കു വേണ്ടി ചോദ്യപേപ്പർ തയ്യാറാക്കിയവരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |