SignIn
Kerala Kaumudi Online
Sunday, 31 May 2026 2.22 PM IST

റേഷൻ വിതരണത്തിൽ മാറ്റം; ഇനി ആ രീതിയില്ല, നീലക്കാർഡിന്റെ അധിക വിഹിതവും നിർത്തി

ration-cards

തിരുവനന്തപുരം: രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനൽകുന്നത് സർക്കാർ അവസാനിപ്പിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് നൽകിയത് പല താലൂക്കുകളിലെയും വിതരണത്തെ ബാധിച്ചിരുന്നു. തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നി‌ർദേശം. റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറയ്ക്കുകയായിരുന്നു. ചിലയിടങ്ങളിൽ രണ്ടുമാസത്തെ റേഷൻ നൽകാനുള്ള അരിയെത്തിക്കുന്നതിൽ വീഴ്‌ചയുണ്ടായി. കണക്കുകളിലും ആശയക്കുഴപ്പമുണ്ടായി. ധാന്യശേഖരവുമായി ബന്ധപ്പെട്ട് കേന്ദ്രം ഇതുവരെ പുതിയ നിർദേശം നൽകിയിട്ടില്ല. കൂടുതൽ ധാന്യം സംഭരിക്കാൻ എഫ്‌സിഐയും ആവശ്യപ്പെട്ടിട്ടില്ല.

നീലക്കാർഡിന് നൽകിയിരുന്ന അധിക വിഹിതവും അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനുപുറമെ ഏപ്രിലിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അധിക വിഹിതം നീലക്കാർഡുടമകൾക്ക് നൽകിയിരുന്നു. ഇനിമുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. നീലക്കാർഡിന് നാലുകിലോ അരിയായിരിക്കും ഇനി മുതൽ ലഭിക്കുക. ആട്ട നൽകുന്നത് തുടരും.

അതേസമയം, സംസ്ഥാനത്ത് 43000 കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻ കാർഡ് ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏറ്റവും അർഹരായവരെ കണ്ടെത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്തതിന്റെ ഫലമായാണ് കൂടുതൽ പേർ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടത്.

ഓണത്തോടനുബന്ധിച്ച് പ്രത്യേക ഭക്ഷ്യവിതരണ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ കിലോഗ്രാമിന് 10.90 രൂപ നിരക്കിൽ ഓണം സ്‌പെഷ്യൽ അരി വിതരണം ചെയ്യും. പിങ്ക് കാർഡിന് നിലവിലുള്ള വിഹിതത്തിനുപുറമെ അഞ്ച് കിലോഗ്രാം അരിയും നീല കാർഡ് വിഭാഗത്തിന് നിലവിലുള്ള വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരിയും ലഭിക്കും. വെള്ള കാർഡ് വിഭാഗത്തിന് ആകെ 15 കിലോഗ്രാം അരി ലഭ്യമാകും. മഞ്ഞ കാർഡിന് സൗജന്യ ഭക്ഷ്യക്കിറ്റുകളും ഒരു കിലോഗ്രാം പഞ്ചസാരയും നൽകും. എല്ലാ റേഷൻ കാർഡുകാർക്കും മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RATION, KERALA RATION, RATION CARDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA