
തിരുവനന്തപുരം : എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിക്ക് വിശദ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ സർക്കാർ. ഇതിനായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും രൂപീകരിച്ചു. വരുമാന അടിസ്ഥാനത്തിലെ നിയന്ത്രണം പരമാവധി കുറച്ച് മുഴുവൻ കുടുംബങ്ങളെയും പരിധിയിൽ കൊണ്ടുവരുന്ന രീതിയിൽ വിശദറിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കാനാണ് നിർദ്ദേശം.
ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും അദ്ധ്യക്ഷൻ. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി മുൻ സി.എം.ഡിയും സംസ്ഥാന മുൻ ഇൻഷ്വറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ മുൻ അംഗം പി.ജെ.ജോസഫ്, നാഷണൽ ഇൻഷ്വറൻസ് കമ്പനി മുൻ സി.എം.ഡി കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ.ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളാകും.
പരിശോധിക്കുക 3 വിഷയങ്ങൾ
1. എം പാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മുഖേന നടപ്പാക്കുക
2. നിലവിലുള്ള ആരോഗ്യ ഇൻഷ്വറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയതിനെ എങ്ങനെ ഏകോപിപ്പിക്കാം
3. പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എം പാനൽമെന്റ്, ക്ലെയിം മാനേജ്‌മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതി പരിഹാരം എന്നിവ
ജനലക്ഷങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതിയാണ് സർക്കാർ യാഥാർത്ഥ്യമാക്കുന്നത്. ഇതിലൂടെ യു.ഡി.എഫ് സർക്കാർ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കും.
കെ.മുരളീധരൻ
ആരോഗ്യമന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |