
കൊല്ലം: ഭരണ നിർവഹണത്തിൽ പൂർണ സുതാര്യതയും മറുപടി പറയാനുള്ള ഉത്തരവാദിത്തവും വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷവും ഉറപ്പാക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2025ലെ കേരള സേവനാവകാശ നിയമം നടപ്പാക്കി .
പഠിതാക്കൾക്കുള്ള 40 സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാനുള്ള സംവിധാനം യൂണിവേഴ്സിറ്റി സജ്ജമാക്കി.
മീഡിയം ഒഫ് ഇൻസ്ട്രക്ഷൻ സർട്ടിഫിക്കറ്റ്, സിലബസ് അറ്റസ്റ്റേഷൻ, മൈഗ്രേഷൻ, എലിജിബിലിറ്റി, ട്രാൻസ്ഫർ സർട്ടിഫിക്കറ്റുകൾ എന്നിവ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കും. കോൺഫിഡൻഷ്യൽ മാർക്ക് ലിസ്റ്റ്, ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ (സാധാരണ രീതിയിലുള്ളതും, ഫാസ്റ്റ് ട്രാക്ക് വഴിയുള്ളതും, എക്സ്‌പ്രസ് മോഡ് വഴിയുള്ളതും) നിശ്ചിത സമയപരിധിക്കുള്ളിൽ നൽകും.
പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡ്യുപ്ലിക്കേറ്റ് മാർക്ക് ലിസ്റ്റ് എന്നിവ വിദ്യാർത്ഥികൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം. സേവനങ്ങൾ തടസമില്ലാതെ ലഭിക്കാൻ ചുമതല നൽകിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് പുറമെ (സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് രജിസ്ട്രാർ) പരാതികൾ പരിഹരിക്കാൻ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയായി രജിസ്ട്രാർ/പരീക്ഷാ കൺട്രോളറെയും, സെക്കൻഡ് അപ്പലേറ്റ് അതോറിറ്റിയായി പ്രോ-വൈസ് ചാൻസലർ/വൈസ് ചാൻസലറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ പഠിതാക്കൾക്ക് പരീക്ഷ എഴുതുന്നതിനായി സ്ക്രൈബിനെ അനുവദിക്കുന്നതിനുള്ള അപേക്ഷകളിൽ 10 പ്രവൃത്തി ദിവസത്തിനകം തീരുമാനമെടുക്കുമെന്നും വൈസ് ചാൻസലർ പ്രൊഫ. വി.പി. ജഗതിരാജ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |