SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

നയപ്രഖ്യാപനത്തിൽ നയരാഹിത്യം മുഖമുദ്രയെന്ന് പിണറായി വിജയൻ

READ ENGLISH VERSION
a

തിരുവനന്തപുരം: ഈ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ നയരാഹിത്യമാണ് മുഖമുദ്രയെന്നും കേരളത്തിന്റെ തകർച്ചയ്ക്ക് വഴിവയ്ക്കുന്നതാണതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. 'പുതുയുഗ കേരളം" എന്നത് മുദ്രാവാക്യം പോലെ എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും അത് നടപ്പാക്കുന്നതിനുള്ള നയപരിപാടികളൊന്നും നയപ്രസംഗത്തിലില്ല. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുന്നു അദ്ദേഹം.

സംഘപരിവാർ രാഷ്ട്രീയത്തിനും കേന്ദ്രസർക്കാർ നയങ്ങൾക്കും എതിരേ നയപ്രഖ്യാപനത്തിൽ കുറ്റകരമായ മൗനമാണ് കാണുന്നത്. കീഴടങ്ങൽ മനോഭാവമാണത്. കേരളത്തിന്റെ താത്പര്യങ്ങൾ ഹനിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരേ യാതൊന്നുമില്ല. ഭരണത്തിന്റെ തുടക്കത്തിൽത്തന്നെ ഒരുതരം രാഷ്ട്രീയ ദുരൂഹത ഉയർന്നുവന്നിട്ടുണ്ട്. സർക്കാരിന്റെ ക്ഷേമ നയത്തെക്കുറിച്ചോ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചോ ലൈഫ് പദ്ധതി തുടരുമോ എന്നതിനെകുറിച്ചോ പരാമർശമില്ല. സത്യപ്രതിജ്ഞാവേളയിലെ വന്ദേമാതര പ്രശ്നം വല്ലാത്തൊരു ദുരനുഭവമായി. ഇത് യാദൃച്ഛികമായി സംഭവിച്ചതാണെന്ന് കരുതാനാവില്ല. കർണാടകയിലും അതാവർത്തിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടുതൽ കരുത്തോടെ തിരിച്ചുവരും

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്നത് ശരിയാണ്. എന്നാൽ,​ കഴിഞ്ഞ സർക്കാർ മുന്നോട്ടുവച്ച വികസന നയവും എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയവും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മുന്നോട്ടുപോകുമെന്ന് പിണറായി പറഞ്ഞു.
തോറ്റതോടെ എല്ലാം അവസാനിച്ചു എന്നല്ല കാണുന്നത്. മുൻകാലങ്ങളിൽ ഉണ്ടായതുപോലെതന്നെ കൂടുതൽ കരുത്തോടെ എൽ‌.ഡി.എഫ് തിരിച്ചുവരും. യു.ഡി.എഫ് തരംഗത്തിലും നേമത്തും ചാത്തന്നൂരും കഴക്കൂട്ടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ എങ്ങനെ മൂന്നാമതായി എന്നതും പരിശോധിക്കേണ്ടതാണ്. വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് ജയിച്ചുവന്നതിനുശേഷം കൂട്ടുത്തരവാദിത്വം നഷ്ടപ്പെടുന്നതായാണ് കണ്ടത്. ഉന്നത ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ മാറ്റങ്ങൾ ഏകപക്ഷീയമായി എന്ന ആരോപണം മന്ത്രിമാരുടെ ഭാഗത്തുനിന്നുതന്നെ ഉയർന്നു.

ബി.ജെ.പി അജണ്ട

നയപ്രഖ്യാപന പ്രസംഗത്തെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖരൻ അഭിനന്ദിച്ചിരുന്നു. നയപ്രഖ്യാപനത്തിലുള്ള ഭൂരിഭാഗവും ബി.ജെ.പിയുടെ പ്രകടനപത്രികയിൽ നിന്നും കാഴ്ചപ്പാടിൽ നിന്നും കടമെടുത്ത് തയ്യാറാക്കിയതാണെന്നാണ് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചത്. ബി.ജെ.പി അജണ്ട അനാവരണം ചെയ്യുന്ന നയപ്രഖ്യാപനമായതിനാലാണ് അദ്ദേഹം അതിനെ അനുകൂലിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI VIJAYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA