
പത്തനംതിട്ട: സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നടാറില്ല. പരിസ്ഥിതി സ്നേഹം ഒരു ദിവസം മാത്രമല്ല തോന്നേണ്ടതെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് അദ്ദേഹം. മരം നട്ടാൽ മാത്രം പോര, പരിപാലിക്കുകയും വേണം എന്നതിന് ഉദാഹരണമാണ് അദ്ദേഹത്തിന്റെ വീടും പരിസരവും 'ജീവനം" എന്ന നിർമ്മിത വനവും.
വേഗവര കാർട്ടൂൺ പരിപാടികളുടെ തിരക്കുകൾക്കിടയിലും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങളിലും സജീവം. പന്തളം തെക്കേക്കര ഭഗവതിക്കും പടിഞ്ഞാറുള്ള സ്വന്തം വീട് ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലമാക്കി മാറ്റി. കോന്നി എലിയറയ്ക്കലിൽ ഏഴ് ഏക്കറിൽ സ്വാഭാവിക വനവും നിർമ്മിച്ചു. ഒന്നര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന വനത്തിന്റെ പേര് 'ജീവനം".
എലിയറയ്ക്കലിൽ നിന്ന് അച്ചൻകോവിൽ റോഡിലേക്ക് തിരിഞ്ഞാൽ ജീവനത്തിലെത്താം. റബർ മരങ്ങൾ വെട്ടിമാറ്റി, ജൈവ വൈവിദ്ധ്യമുള്ള വൃക്ഷങ്ങളാണ് ഇവിടത്തെ പ്രത്യേകത. ആനമുള, ലാത്തിമുള, ഗോൾഡൻ, യെല്ലോ, പെയിന്റിംഗ് ബാംബു തുടങ്ങി വ്യത്യസ്ത തരം മുളകൾ പ്രവേശന കവാടത്തിൽ സഞ്ചാരികളെ വരവേൽക്കുന്നു. ഇലഞ്ഞിയും പൂവാകയും വിവിധതരം ആൽമരങ്ങളും മുന്നൂറോളം ഔഷധ സസ്യങ്ങളും സന്ദർശകർക്ക് സുഗന്ധവും തണുപ്പും സമ്മാനിക്കും. കത്തുന്ന വേനലിലും സുഖശീതളമാണിവിടം.
2015ൽ തുടങ്ങിയ വനവത്കരണം
ജീവനത്തിന്റെ നെറുകയിൽ മണ്ണുവീട് നിർമ്മിച്ച് വേനൽക്കാലത്ത് വിശ്രമ കേന്ദ്രമാക്കാനാണ് ലക്ഷ്യമെന്ന് ജിതേഷ് ജി കേരളകൗമുദിയോട് പറഞ്ഞു. 2015ലാണ് സ്ഥലം വാങ്ങി വനവത്കരണം തുടങ്ങിയത്. മകൻ നിരഞ്ജനും പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഒപ്പമുണ്ട്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ പത്തനംതിട്ടയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന ഉമേഷ് ബാബു നരിയാപുരത്തിന്റെ 'വിശ്വദർശനം" പരിസ്ഥിതി കേന്ദ്രത്തിലും നാഷണൽ ഗ്രീൻ കോർപ്സിലും പ്രോഗ്രാം കോ- ഓർഡിനേറ്ററായി പ്രവർത്തിച്ച അനുഭവമാണ് ഈ രംഗത്ത് പ്രചോദനമായത്.
- ജിതേഷ് ജി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |