SignIn
Kerala Kaumudi Online
Friday, 05 June 2026 1.45 AM IST

ചെടികളാണ് കുഞ്ഞ് ദേവികയുടെ ബെസ്റ്രീസ്

a

കോഴിക്കോട്: അ‌ഞ്ചാം ക്ലാസുകാരി ദേവികയുടെ കൂട്ടുകാർ ചെടികളാണ്. സ്കൂളിൽ പോകുന്ന വഴിക്കും മറ്റും കിട്ടുന്ന വിത്തുകൾ ശേഖരിച്ച് മുളപ്പിക്കുന്നതാണ് പുള്ളിക്കാരിയുടെ പ്രധാന ഹോബി. വേങ്ങേരിയിലെ ആറു സെന്റ് വീട്ടുവളപ്പിലെ മൂന്നു സെന്റിൽ നിറയെ വിവിധയിനം ചെടികൾ നിറഞ്ഞു. ഒന്നാംക്ളാസിൽ പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ നട്ടതിൽ ബാക്കി വന്ന ചെടികൾ ചോദിച്ചുവാങ്ങി വീട്ടിൽ കൊണ്ടുവന്ന് നട്ടാണ് തുടക്കം. അന്നു തുടങ്ങിയ തെെ നടൽ ഇപ്പോൾ നാട്ടിലേക്കും വ്യാപിപ്പിച്ചു.

6,​000ഓളം വിത്തുകളാണ് ഇതുവരെ വിതറിയത്. റോഡരികുകളിലും സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും ദേവാലയങ്ങളിലുമായി നട്ടത് 727 വൃക്ഷത്തൈകൾ.

ഇക്കുറി സ്കൂളിൽ ചേരാൻ കോഴിക്കോട് നടക്കാവ് ഗവ. സ്കൂളിലെത്തിയപ്പോൾ അദ്ധ്യാപകർക്കും സഹപാഠികൾക്കും തെെകൾ സമ്മാനിച്ചാണ് അദ്ധ്യയനം തുടങ്ങിയത്. ശബരിമല, തിരുനെല്ലി യാത്രപോയപ്പോൾ മണ്ണും ചാണകവും വിത്തും കൂട്ടിക്കുഴച്ച് സ്വന്തമായി ഉണ്ടാക്കിയ 1,500 വിത്തുണ്ടകൾ പലയിടത്തായി വിതറി. അച്ഛൻ വേങ്ങേരി നങ്ങാളിപറമ്പ് മീത്തൽ കെ.പി.ദീപനും അമ്മ സിൻസിയുമാണ് ഇതിൽ സഹായികൾ.

മന്ദാരം, ഉങ്ങ്, ബദാം, ഇഞ്ഞി, ദശപുഷ്പങ്ങൾ, കുന്തിരിക്കം, ഞാവൽ... ഇങ്ങനെ നീളുന്നു ദേവികയുടെ ശേഖരത്തിലുള്ള ചെടികളുടെ ലിസ്റ്റ്. ജെെവ പച്ചക്കറിക്കൃഷിയിലും സജീവം. നൃത്തത്തിലും കമ്പമുണ്ട്. ഉജ്ജ്വലബാല്യം പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2025ൽ വനമിത്ര പുരസ്കാരം നേടുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് കുഞ്ഞ് ദേവിക. എൽ.കെ.ജി വിദ്യാർത്ഥിയായ നിലനാണ് അനുജൻ.

ഹരിതഭവനം

മാതാപിതാക്കളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സഹായത്തോടെ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിച്ച് വീടുകൾ ഹരിതഭവനങ്ങളാക്കാനാണ് ദേവികയുടെ ശ്രമം. ഇതിനായി വീടുകളിൽ ജെെവ, അജെെവ മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കാനുള്ള ബിന്നുകൾ സ്ഥാപിക്കും. കോർപ്പറേഷനോടും സ്പോൺസർമാരോടും ധനസഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 100 വീടുകൾ ഹരിതഭവനമാക്കും.

സ്കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടക ദേവികയാണ്.

- കെ.വി.പ്രേമചന്ദ്രൻ,​

ഹെഡ്മാസ്റ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PLANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA