
മൂവാറ്റുപുഴ: നവ മാദ്ധ്യമങ്ങളിലൂടെ ശ്രീനാരായണ ഗുരുദേവനെ മ്ളേച്ഛമായി ആക്ഷേപിച്ച മൂവാറ്റുപുഴ കല്ലൂർ പേരാമംഗലം നാഗരാജ ക്ഷേത്ര ട്രസ്റ്റ് തന്ത്രി കെ.വി. സുഭാഷിനെ (57) പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 7ന് നാഗരാജ ക്ഷേത്രത്തിൽ നിന്ന് കല്ലൂർക്കാട് ഇൻസ്പെക്ടർ സിബി തോമസിന്റെയും എസ്.ഐ എസ്. കണ്ണന്റെയും നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് എറണാകുളം സൈബർപൊലീസിന് കൈമാറുകയായിരുന്നു. കോട്ടയം പള്ളം സ്വദേശി ഷെൻ സഹദേവന്റെ പരാതിയിലാണ് നടപടി. സുഭാഷിനെ ചോദ്യം ചെയ്യാനായി ആലുവ സൈബർ സ്റ്റേഷനിലേക്ക് മാറ്റി. ഒളിവിൽ പോകാനുള്ള ശ്രമത്തിലായിരുന്നു ഇയാൾ. ഇന്നലെ രാവിലെ എറണാകുളം പ്രസ് ക്ളബിൽ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.
യൂട്യൂബിലൂടെ ഗുരുദേവനെ ആക്ഷേപിക്കുകയും സമൂഹത്തിൽ വിദ്വേഷം സൃഷ്ടിച്ച് കലാപത്തിന് മനപ്പൂർവ്വം ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. ശ്രീനാരായണ ഗുരുവിനും എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട വ്യക്തികൾക്കും ഈഴവ സമുദായത്തിനും അവരുടെ അന്തസിനും സൽപ്പേരിനും മോശമുണ്ടാക്കി അപമാനിച്ചെന്നും പൊതുസമാധാനം ലംഘിക്കുന്ന പ്രവൃത്തികൾ ഇയാൾ ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു.എസ്.എൻ.ഡി. പി യോഗം മൂവാറ്റുപുഴ യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കും സൈബർ പൊലീസിനും പരാതി നൽകിയിരുന്നു. ഇയാളുടെ ഗുരുനിന്ദയെത്തുടർന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങളും നടന്നു.
സുഭാഷിനെ പിടികൂടിയ ആഭ്യന്തരമന്ത്രിയെയും പൊലീസ് വകുപ്പിനെയും ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |