കോട്ടയം : പരിപ്പ് തൊള്ളായിരം ഷാപ്പിലെ തലക്കറി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച ജ്യോതിഷിന്റെ കുടുംബത്തോട് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത അവഗണന. കളക്ടറുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ വിഭാഗം വിഷയത്തില്‍ അന്വേഷണം നടത്തുകയോ നഷ്ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കുടുംബാംഗങ്ങളുമായും ബന്ധപ്പെട്ടിട്ടില്ല. ഭക്ഷ്യവിഷബാധയെന്ന് ഉറപ്പിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് പ്രത്യേക അന്വേഷണം തുടങ്ങിയില്ല.
സാധാരണ ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായാല്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര ധനസഹായവും ലഭ്യമാക്കും. എന്നാല്‍ ഇതുവരെ വീട് സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. ജ്യോതിഷിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍പ്പോയ ഷാപ്പ് ഉടമയെ പിടികൂടാന്‍ പോലും പൊലീസിനായിട്ടില്ല.
ആശ്രയമറ്റ് കുടുംബം, സര്‍ക്കാര്‍ കനിയണം
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി ഇടപെടേണ്ടതുണ്ട്. ജ്യോതിഷിന്റെ മരണത്തോടെ അനാഥമാക്കപ്പെട്ട കുടുംബം ആശ്രയമില്ലാത്ത അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധിയും അലട്ടുന്നു.
ജ്യോതിഷിനോടൊപ്പം ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും ചികിത്സാച്ചെലവിന് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ്. കടം വാങ്ങിയും സുഹൃത്തുക്കള്‍ പിരവെടുത്തുമാണ് ഇതുവരെ മുന്നോട്ടുപോയത്.
''ദുരന്ത നിവാരണ വിഭാഗത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്. കളക്ടര്‍ എത്രയും വേഗം വിഷയത്തില്‍ ഇടപെടണം. ജ്യോതിഷിന്റെ കുടുംബത്തെ ചേര്‍ത്തുപിടിക്കണം. -വി.എന്‍.വാസവന്‍, മുന്‍ മന്ത്രി
''ഒരു പരിഗണനയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. മുന്നോട്ട് എന്താണെന്ന് പോലും അറിയില്ല. -ജ്യോതിഷിന്റെ കുടുംബം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |