
തിരുവനന്തപുരം: ഇടതു അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും വേണ്ടപ്പെട്ടവർക്കും പരിഗണന നൽകി ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഡയറ്റ്) ലക്ചറർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയെന്ന് പരാതി. ഇക്കഴിഞ്ഞ ഏപ്രിലിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകൾക്കെതിരെയാണ് ഉദ്യോഗാർത്ഥികളുടെ പരാതിയുള്ളത്. പ്ലാനിംഗ് ബോർഡിലേക്കുള്ള വിവിധ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കിയതിൽ വിവാദം കത്തിനിൽക്കെയാണ് പുതിയ ആക്ഷേപം.
ഡയറ്റ് ലക്ചറർ കാറ്റഗറി 349/2022 മുതൽ 396/2022 വരെയുള്ള 47 ഗസറ്റഡ് തസ്തികയുടെ റാങ്ക് ലിസ്റ്റുകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. കെ.എസ്.ടി.എ സംസ്ഥാന നേതാക്കൾ അടക്കം ഏഴ് എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫീസർമാർ റാങ്ക് ലിസ്റ്റുകളിൽ മുന്നിൽ വന്നത് യാദൃച്ഛികമല്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. ഈ തസ്തികയിലെ റാങ്ക് ലിസ്റ്റുകളിലായി 704 പേരാണുള്ളത്. ഇതിൽ 249പേർ ഒന്നിലധികം ലിസ്റ്റുകളിൽ ആവർത്തിച്ച് വന്നതായും പരാതിയുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷാർത്ഥികൾക്ക് പരിശീലനം നടത്തിയിരുന്നെന്നും കോച്ചിംഗ് നൽകിയവരോ, അവരുടെ അടുപ്പക്കാരോ ആകാം പി.എസ്.സി ചോദ്യക്കടലാസ് തയ്യാറാക്കിയതെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. കോച്ചിംഗിൽ പങ്കെടുത്തവരിൽ 80 ശതമാനത്തിലധികം പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. വിവിധ ഡയറ്റുകളിലായി ജോലിയിൽ പ്രവേശിച്ചുവെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
വിവരണാത്മക ചോദ്യങ്ങൾ ആയതിനാൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചിട്ടില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പി.എസ്.സി തയ്യാറായില്ല. വിവരണാത്മക പരീക്ഷയിൽ മൂല്യനിർണയം നടത്തുന്നവർക്ക് ആത്മനിഷ്ഠമായി മാർക്ക് നൽകാമെന്നും അതിനാൽ ഉത്തരസൂചിക പ്രസിദ്ധീകരിക്കേണ്ടതില്ലെന്നുമാണ് പി.എസ്.സി നിലപാട്. നേരിട്ടുള്ള നിയമനം കൂടാതെ ബൈ ട്രാൻസ്ഫർ മുഖേന എം.എഡ് യോഗ്യതയുള്ള അദ്ധ്യാപകർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം (50:50 അനുപാതം). ഇതിൽ ബൈ ട്രാൻസ്ഫർ നിയമനത്തിലാണ് ക്രമക്കേട് എറെയും നടന്നതെന്നാണ് പരാതി.
യോഗ്യതയില്ലാതെ ജോലിൽ പ്രവേശിച്ചു
1. സ്പെഷ്യൽ റൂളിൽ നിർദ്ദേശിച്ചിട്ടുള്ള യോഗ്യതയില്ലാത്ത ഇടതു അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിനായി ഉദാര സമീപനം സ്വീകരിച്ചെന്നും റാങ്ക് ലിസ്റ്റിൽ ഇടംനേടിയ ഇയാൾ ജോലിയിൽ പ്രവേശിച്ചെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.
2. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എം.എഡ് ബിരുദം നേടിയവരിൽ ഡയറ്റ് വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതയില്ലാത്ത ഉദ്യോഗാർത്ഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രത്യേക യോഗ്യതാ സർട്ടിഫിക്കറ്റ് നൽകി. സർക്കാർ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |