SignIn
Kerala Kaumudi Online
Sunday, 28 June 2026 12.37 AM IST

ബൈക്ക് മോഷ്ടിച്ച് മാല പൊട്ടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

തൃശൂർ: ബൈക്ക് മോഷ്ടിച്ച ശേഷം ആ ബൈക്കുമായെത്തി മാല പൊട്ടിക്കുന്ന രണ്ടംഗ സംഘത്തെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര അമ്പാടിക്കുളം വീട്ടിൽ മുഹമ്മദ് റാഫി മകൻ ഇമ്രാൻ ഖാൻ (41), തൃശൂർ കൊട്ടേക്കാട് ചൂലിശേരി കുരിയേടത്ത് വീട്ടിൽ രവി മകൻ സജിത്ത് (28) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ നകുൽ ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം എ.സി.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഉത്രാളിക്കാവ് വെടിക്കെട്ട് കണ്ടശേഷം വടക്കുന്നാഥൻ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇവർ മോഷ്ടിച്ചു. തുടർന്ന് ഈ ബൈക്കുമായി ചെങ്ങന്നൂരിലെത്തി മാല കവർന്നു. അടുത്ത ദിവസം കൊട്ടിയത്തെത്തിയും മാല പൊട്ടിച്ചു. പിന്നീട് ഇമ്രാൻ ഒറ്റയ്ക്ക് അഞ്ചാലുംമൂടിന് സമീപം സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ചോദ്യം ചെയ്യലിൽ സജിത്ത് തൃശൂരിൽ നിന്ന് ഒറ്റയ്ക്ക് ആക്ടീവ സ്കൂട്ടർ മോഷ്ടിച്ചതായും സമ്മതിച്ചു. മോഷ്ടിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം സജിത്ത് തൃശൂരിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇമ്രാൻ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം തമിഴ്‌നാട്ടിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇമ്രാൻ അന്തർസംസ്ഥാന മോഷ്ടാവ്

ഇമ്രാൻ കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷണം, മാല പൊട്ടിക്കൽ, വീട് കുത്തിത്തുറന്നുള്ള മോഷണം തുടങ്ങിയ കേസുകൾ ഇയാൾക്കെതിരെയുണ്ട്. തൃശൂരിൽ നിന്ന് മോഷ്ടിച്ച ബൈക്ക് എറണാകുളത്ത് നിന്നാണ് കണ്ടെടുത്തത്. രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലകളാണ് ഇവർ കവർന്നത്. ഡിസംബറിലാണ് സജിത്ത് ആക്ടീവ മോഷ്ടിച്ചത്. ഇത് മറ്റൊരാൾക്ക് വിറ്റുവെന്ന് സമ്മതിച്ചതിനെ തുടർന്ന് സ്കൂട്ടറും കണ്ടെടുത്തു. ഈസ്റ്റ് എസ്.എച്ച്.ഒ. കിരൺ സി. നായർ, എസ്.ഐ. റെജിൻ രാജ്, സി.പി.ഒ.മാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മൽ എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA