SignIn
Kerala Kaumudi Online
Sunday, 26 July 2026 12.39 PM IST

സ്വർണം മടക്കി നൽകാൻ ഓട്ടോ ഡ്രൈവർ കാത്തിരുന്നു 3 വർഷം; അമ്പരന്ന് മാലദ്വീപ് സ്വദേശിനി

READ ENGLISH VERSION
chain

കൊച്ചി: മകന്റെ ചികിത്സയ്‌ക്കെത്തിയ മാലദ്വീപ് ദമ്പതികളുടെ നഷ്ടപ്പെട്ട ഒരു പവനോളം വരുന്ന സ്വർണച്ചെയിൻ തിരികെനൽകാൻ ഓട്ടോഡ്രൈവർ കാത്തിരുന്നത് മൂന്നു കൊല്ലം. അപ്രതീക്ഷിതമായ ഒരു ഫോൺവിളിക്കൊടുവിൽ അത് കൈമാറാൻ കഴിഞ്ഞപ്പോൾ പോണേക്കര തോട്ടുങ്കൽ പറമ്പിൽ മുഹമ്മദ് ജസീറിന്റെ (48) വലിയൊരു ഭാരമൊഴിഞ്ഞു.

അമൃത ആശുപത്രിക്ക് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഡ്രൈവറാണ് മുഹമ്മദ് ജസീർ.

രക്താർബുദ ബാധിതനായ മകന്റെ ചികിത്സയ്‌ക്കായാണ് മാലദ്വീപ് കുളുഫിഷി സ്വദേശി അയിഷത്ത് സൂസാനയും ഭർത്താവും 2023ൽ കൊച്ചിയിലെത്തിയത്. ആശുപത്രിയിൽ വരുമ്പോഴൊക്കെ മുഹമ്മദ് ജസീറിന്റെ ഓട്ടോയിലായിരുന്നു സഞ്ചാരം. ഇതിനിടെ ഇവർക്ക് മൂവാറ്റുപുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പോകേണ്ടി വന്നു. ഓട്ടോ കേടായതിനാൽ മുഹമ്മദ് ജസീറിന്റെ കാറിലായിരുന്നു യാത്ര. രാത്രി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായെന്ന് ദമ്പതികൾ അറിയിച്ചത്. കാറിനുള്ളിലാകെ നോക്കിയെങ്കിലും കിട്ടിയില്ല. മകന്റെ ചികിത്സ കഴിഞ്ഞ് ദമ്പതികൾ നാട്ടിലേക്ക് മടങ്ങി.

പിന്നീട് കാർ വർക്ക്ഷോപ്പിൽ കയറ്റിയപ്പോഴാണ് ചെയിൻ കിട്ടിയത്. വാഗൺ ആർ കാറിന്റെ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനോട് ചേർന്ന് കിടക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന കുട്ടിയുടെ കൈയിൽനിന്ന് ചെയിൽ ഡിക്കിയുടെ ഭാഗത്തേക്ക് വീണതാവാം എന്ന് ജസീർ പറഞ്ഞു. ദമ്പതികളുടെ ഫോൺനമ്പർ ജസീ‌ർ സൂക്ഷിച്ചിരുന്നില്ല.

ചക്ക ചാേദിച്ചു വിളിച്ചത് ഭാഗ്യമായി!

ദിവസങ്ങൾക്കുമുമ്പ് കൊച്ചിയിലെത്തിയ സൂസാന പഴുത്ത ചക്ക ആവശ്യപ്പെട്ട് വിളിച്ചപ്പോൾ ജസീർ ദൈവത്തിന് നന്ദി പറഞ്ഞു. ചക്ക സംഘടിപ്പിച്ച് ദമ്പതികൾ താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തിയ ജസീർ ഒരു സമ്മാനം കൂടിയുണ്ടെന്ന് പറഞ്ഞ് സ്വ‌‌‌ർണച്ചെയിൻ നീട്ടിയപ്പോൾ ദമ്പതികൾ അമ്പരന്നു. ഇന്നലെ ചേരാനല്ലൂർ എസ്.ഐ ജി.സുനിലിന്റെ സാന്നിദ്ധ്യത്തിലാണ് അത് ഔദ്യോഗികമായി കൈമാറിയത്.

18 കൊല്ലമായി ഓട്ടോഡ്രൈവറായ മുഹമ്മദ് ജസീർ മുമ്പും യാത്രക്കാർ മറന്നുവച്ച വിലപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് നൽകിയിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ 80കാരിയുടെ പണവും ആഭരണങ്ങളുമടങ്ങിയ ബാഗും ഇതിൽപ്പെടും. സഹീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ജിസാം (ഭാരത് ബെൻസ്), മുഹമ്മദ് ജാസിൻ (എൻജിനിയറിംഗ് വിദ്യാർത്ഥി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA