SignIn
Kerala Kaumudi Online
Friday, 05 June 2026 2.15 AM IST

യുവാവ് മരിച്ചത് വൃക്കമാറിയുള്ള ശസ്ത്രക്രിയ മൂലമെന്ന് ബന്ധുക്കൾ, കോഴിക്കോട് മെഡി. കോളജിനെതിരെ വീണ്ടും പരാതി

1

കോഴിക്കോട്: വൃക്കയിലെ കല്ല് നീക്കാൻ മെഡി.കോളേജ് ആശുപത്രിയിലെത്തിയ യുവാവ് ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ചതായി കുടുംബം ആരോപിച്ചു. നാദാപുരം വാണിമേൽ നെല്ലിയുള്ള പറമ്പത്ത് റീജിത്ത് എം.പി (45)യാണ് ഇന്നലെ പുലർച്ചെ 4.45 ഓടെ മരിച്ചത്. റീജിത്തിനെ സ്ഥാനംമാറി ശസ്ത്രക്രിയ ചെയ്തെന്നും അനുമതിയില്ലാതെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെന്നുമാണ് ആരോപണം. ആശുപത്രി സൂപ്രണ്ടിനും മെഡി.കോളേജ് പൊലീസിനും പരാതി നൽകി. മെഡി. കോളേജ് സൂപ്രണ്ട് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോർട്ട് തേടി. സംഭവത്തിൽ നടപടി ഉണ്ടാകാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെ പ്രിൻസിപ്പൽ കെ.ജി. സജിത്ത്കുമാർ അന്വേഷണത്തിന് മൂന്നംഗസമിതിയെ നിയോഗിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബം മൃതദേഹം ഏറ്റുവാങ്ങി.

2025 ആഗസ്റ്റിലാണ് റീജിത്തിനെ മെഡി. കോളജിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് ആറിന് കീ ഹോൾ ശസ്ത്രക്രിയ ചെയ്തു. ഇടതുഭാഗത്തെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. എന്നാൽ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയത്. വലതുഭാഗത്ത് ദ്വാരം രൂപപ്പെട്ടിരുന്നതിനാൽ അവിടെ ട്യൂബ് ഇട്ടു. ട്യൂബിൽ നിന്നും പഴുപ്പ് ഒലിച്ചിറങ്ങിയിരുന്നെന്നും റീജിത്തിന്റെ ഭാര്യാസഹോദരൻ ഷിബു പറഞ്ഞു. അടുത്തിടെ സർവ്വീസിൽനിന്ന് വിരമിച്ച ഡോ.വേണുഗോപാലാണ് ശസ്ത്രക്രിയ നടത്തിയത്.

ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിട്ടതോടെ വേദന കൂടി. ഏപ്രിലിൽ വീണ്ടും മെഡി.കോളേജിലെത്തി ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തി. ഇതോടെ ആരോഗ്യനില വഷളായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവയവങ്ങളിൽ അണുബാധ ഉണ്ടായതായി കണ്ടെത്തി. അവിടത്തെ ബിൽതുക താങ്ങാനാവാത്തതിനാൽ കഴിഞ്ഞ മേയ് 18ന് വീണ്ടും മെഡി. കോളേജിലെത്തി. രോഗം മൂർച്ഛിച്ചതോടെ 30ന് ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു. കോഴിക്കോട് മെഡി.കോളേജിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ് റീജിത്ത്. ഭാര്യ: ഷിജില. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: ശാന്ത. സഹോദരങ്ങൾ: റീജ, റിജീഷ്, റിജിലേഷ്.

വൃക്കകൾ നേരത്തേ വീക്കായിരുന്നു: യൂറോളജി സർജൻ

ആശുപത്രിയിലെത്തുന്നതിനു മുൻപേ റീജിത്തിന്റെ ഇരുവൃക്കകളും വീക്കായിരുന്നു. അതോടെ ഇൻഫെക്ഷൻ രക്തത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർന്ന് ഗുരുതരാവസ്ഥയിലെത്തി. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് യൂറോളജി വിഭാഗം സർജൻ ഡോ.മണികണ്ഠൻ പറഞ്ഞു. ഇരു വൃക്കകളിലും കല്ലുകൾ നിറഞ്ഞിരുന്നു. രണ്ടെണ്ണത്തിനും സർജറി ആവശ്യമായിരുന്നു.കല്ലിന്റെ വ്യാപ്തി അനുസരിച്ച് ആദ്യം വലതു ഭാഗത്ത് സർജറിചെയ്തു. ബാക്കിയുള്ളവ എടുക്കാൻ ട്യൂബ് ഇടുകയും ചെയ്തു. പക്ഷേ,​ ശരീരത്തിലേക്ക് അണുബാധ കയറുന്ന സാഹചര്യമുണ്ടായി. ഡയാലിസിസ് ചെയ്താണ് രക്ഷപ്പെടുത്തിയത്. രണ്ടാമത് വന്നപ്പോഴേക്കും അണുബാധ സർജറി ചെയ്യാത്ത ഇടത് ഭാഗത്തും വ്യാപിച്ചു. ട്യൂബിട്ട് പഴുപ്പ് എടുത്തുമാറ്റി. രണ്ട് വൃക്കയിലും ബ്ലോക്ക് തടയാനായി സ്റ്രെന്റ് ഇടുകയുംചെയ്തു. പക്ഷേ,​ അവസ്ഥ മെച്ചപ്പെട്ടില്ല. മൂന്നാമത് എത്തിയപ്പോഴേക്കും രോഗം മൂർച്ഛിച്ചു. അതോടെയാണ് മരണം സംഭവിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA