
ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കണം
കടം 5.07ലക്ഷംകോടി
വരുമാനം ഇടിഞ്ഞു
പലിശ ചെലവ് കൂടി
കിഫ്ബി ബാദ്ധ്യത പൊതുമേഖലാനഷ്ടം 78,851കോടി
തൊഴിലില്ലായ്മ നിരക്ക് 20.7%
തിരുവനന്തപുരം: പറഞ്ഞുകേട്ടതിലും രൂക്ഷമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഇന്നലെ സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ മുന്നറിയിപ്പ്. സർക്കാർ ജീവനക്കാർക്കും കരാറുകാർക്കും ഉൾപ്പെടെ കൊടുക്കാനുള്ളത് 48,733 കോടി രൂപ. പ്രതിസന്ധി പരിഹരിക്കാൻ ശമ്പളപരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കാനും പെൻഷൻപ്രായം കൂട്ടാനും ധവളപത്രത്തിൽ ശുപാർശചെയ്‌തു.
സാമ്പത്തികസ്ഥിതിയിലും വികസനത്തിലും കേരളം അനുദിനം കൂപ്പുകുത്തുകയാണ്. ഇടതുസർക്കാർ കൊണ്ടുവന്ന കിഫ്ബി സംവിധാനം ബാദ്ധ്യതയായി മാറി. ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഇന്നലെ നിയമസഭയിൽ ധവളപത്രം അവതരിപ്പിച്ചത്. ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന്റെയും കെ.എം.ചന്ദ്രശേഖറിന്റെയും നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ദ്ധർ തയ്യാറാക്കിയതാണിത്.
കടബാദ്ധ്യത പെരുകി 5.07ലക്ഷം കോടിയായി. വരുമാനത്തിന്റെ അഞ്ചിലൊന്നും പലിശയ്ക്കാണ് ചെലവാക്കുന്നത്. ശമ്പള, പെൻഷൻ ചെലവുകൾ നിയന്ത്രിക്കുന്നതിനു പകരം, വികസന ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന കുറുക്കുവഴിയാണ് സംസ്ഥാനത്തെ തകർക്കുന്നത്. ഡി.എ കൊടുക്കാതെ മാറ്റിവയ്ക്കലാണ് ചെലവുചുരുക്കാൻ സ്വീകരിച്ച മാർഗം. ഇതുൾപ്പെടെയുള്ള കുടിശിയാണ് പെരുകിപ്പെരുകി 48,733 കോടിയിലെത്തിയത്. സംസ്ഥാനം ഒരുവർഷം മൊത്തം എടുക്കുന്ന വായ്പയിലും കൂടുതലാണിത്. പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 78,851കോടിയായി. തൊഴിലില്ലായ്മ നിരക്ക് 20.7% എത്തി. ദേശീയശരാശരി 4.5% മാത്രം. ചെലവ് ചുരുക്കിയത് കൊണ്ട് കാര്യമില്ല, വരുമാനത്തിന് പുതിയമാർഗങ്ങൾ തേടണം. കൺസോളിഡേറ്റഡ് ഫണ്ട് രൂപീകരിച്ച് ബാദ്ധ്യതകൾ തീർക്കാൻ നിർദ്ദേശമുണ്ട്.
പെൻഷൻപ്രായം കൂട്ടിയാൽ 6,000കോടി ലാഭിക്കാം
1. സ്റ്റാറ്റ്യൂട്ടറി പെൻഷൻകാരുടെ വിരമിക്കൽ പ്രായം 56ൽ നിന്ന് ഉയർത്തിയാൽ 6,000കോടി ലാഭിക്കാം. പങ്കാളിത്ത പെൻഷൻകാർക്ക് 60 ആണ്
2. നിലവിൽ സംസ്ഥാന ചെലവിന്റെ മുക്കാൽ പങ്കും അപഹരിക്കുന്നത് ശമ്പളവും പെൻഷനുമാണ്
3. ക്ഷേമപെൻഷൻ വിതരണം ഷെഡ്യൂൾഡ് ബാങ്ക് വഴി നേരിട്ട് മാത്രമാക്കണം. മിക്കയിടത്തും സഹകരണ ബാങ്കുകളിൽ നിന്ന് നേരിട്ട് കൊണ്ടുകൊടുക്കുകയാണ്
4. ജി.എസ്.ടി വിപുലീകരിക്കാൻ പ്രമുഖ ഏജൻസിയുടെ പഠനം. കെ.എസ്.ഇ.ബി, വാട്ടർഅതോറിട്ടി, കെ.എസ്.ആർ.ടി.സി എന്നിവ മെച്ചപ്പെടുത്താൻ പ്രത്യേക പഠനം. കെ-ഡിസ്ക്, കെ-റെയിൽ പ്രയോജനം വിലയിരുത്തണം
5. ആസൂത്രണബോർഡിനെ പുനഃക്രമീകരിക്കണം. സെക്രട്ടേറിയറ്റിൽ ഫയൽ ടൈം മാനേജ്മെന്റ് സംവിധാനം കൊണ്ടുവരണം
6. കൺസൾട്ടൻസി ഇടപാട് പരിശോധിക്കണം. കേന്ദ്രവുമായി നല്ലബന്ധം പുനഃസ്ഥാപിക്കണം.
മുൻസർക്കാരിന്റെ നേർക്കു പിടിച്ച കണ്ണാടിയാണ് ധവളപത്രം. കെടുകാര്യസ്ഥതയെ ക്ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങൾ കൊണ്ട് ന്യായീകരിക്കുകയായിരുന്നു.
- വി.ഡി.സതീശൻ,
മുഖ്യമന്ത്രി
സ്വകാര്യവത്കരണത്തിന് ന്യായീകരണം കണ്ടെത്താനാണ് ധവളപത്രം. കേരളം കടക്കെണിയിലല്ലെന്ന് തെളിഞ്ഞു.
- കെ.എൻ.ബാലഗോപാൽ,
മുൻധനമന്ത്രി
ബി.ജെ.പി പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളാണ് ധവളപത്രത്തിലൂടെ കണ്ടെത്തിയെന്ന് പറയുന്നത്. യാഥാർത്ഥ്യബോധത്തോടെ കേന്ദ്രവുമായി സഹകരിച്ച് മുന്നോട്ട് പോകണം.
-രാജീവ് ചന്ദ്രശേഖർ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |