
തിരുവനന്തപുരം: യു.ഡി.എഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെ.എസ്.ആർ.ടി.സി ബസിലെ സ്ത്രീകളുടെ സൗജന്യയാത്ര ഓർഡിനറികളിൽ മാത്രമായി ചുരുങ്ങും. അന്തിമ തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.
ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള ബസുകളിൽ സൗജന്യയാത്ര പ്രയോഗികമല്ലെന്ന് ഇതുസംബന്ധിച്ച് പഠിച്ച കെ.എസ്.ആർ.ടി.സി വിദഗ്ദ്ധ സമിതി വിലയിരുത്തി. ഇവയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സിയെ നിലനിറുത്തുന്നത്. ഓർഡിനറി ബസുകളിൽ ഭൂരിഭാഗവും ഇപ്പോൾ ലാഭത്തിലുമല്ല. ഈ സാഹചര്യത്തിൽ ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ സൗജന്യയാത്ര നൽകുന്നത് സ്ഥാപനത്തെ വൻ പ്രതിസന്ധിയിലാക്കുമെന്നാണ് കെ.എസ്.ആർ.ടിസി സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
സൗജന്യയാത്ര നടപ്പാക്കുന്നതിലൂടെ ടിക്കറ്റ് വരുമാനത്തിലുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തും. ഇതിനായി പ്രതിമാസം 90 മുതൽ 100 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. നിലവിൽ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപയ്ക്ക് പുറമെയാണിത്. ജൂൺ 15ന് സൗജന്യയാത്ര പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |