
കണ്ണൂർ: അയ്യായിരത്തോളം തൈകളുള്ള കണ്ടൽ നഴ്‌സറി വീടിനോടുചേർത്ത് നിലനിറുത്തുന്ന കണ്ണൂർ പഴയങ്ങാടി സ്വദേശി പാറയിൽ രാജൻ (62)കണ്ടൽ കാടുകൾക്കായി ജീവിതം ഉഴിഞ്ഞുവച്ചത് ഇന്നോ ഇന്നലെയോ അല്ല. കാലം കണ്ടൽ രാജനെന്ന പേരുതന്നെ സമ്മാനിച്ചു. ദാരിദ്ര്യത്താൽ അഞ്ചാം ക്ലാസിൽ പഠനം നിറുത്തേണ്ടിവന്നു. മത്സ്യത്തൊഴിലാളിയായ അച്ഛന്റെകൂടെ പഴയങ്ങാടിപ്പുഴയിൽ തുഴഞ്ഞ ബാല്യം. കണ്ടൽക്കാടുകൾക്കിടയിൽ മീൻ കൂടുതൽ കിട്ടുമെന്നറിഞ്ഞ് അന്നു തുടങ്ങിയതാണ് ആ പച്ചക്കൂടാരത്തോടുള്ള ഇഷ്ടം.
പുഴയുടെ ഒരു കരയിൽ കണ്ടൽ സംരക്ഷണത്തിന്റെ ഇതിഹാസമായി കല്ലേൻ പൊക്കുടൻ ഉയർന്നപ്പോൾ, മറുകരയിൽ തോണിയിൽ മീൻ പിടിക്കുകയും കണ്ടൽവിത്ത് ശേഖരിക്കുകയും ചെയ്ത് നിശബ്ദ വിപ്ലവത്തിലായിരുന്നു രാജൻ. കുറ്റിക്കണ്ടൽ, പൂക്കണ്ടൽ, വള്ളിക്കണ്ടൽ, ചക്കരക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ചുള്ളിക്കണ്ടൽ, ഉപ്പുകുറുവ ഉൾപ്പെടെ 20ലേറെ ഇനങ്ങളാണ് നട്ടുവളർത്തിയത്. കണ്ടൽ വേരുകൾക്കിടയിൽ നിറയുന്ന പ്ലാസ്റ്റിക് കുപ്പികൾ വേരുകളുടെ വളർച്ച മുരടിപ്പിക്കുന്ന കാഴ്ച കണ്ടതോടെ, ദിവസവും തോണിയിലെത്തി പ്ലാസ്റ്റിക് ശേഖരിക്കുകയാണ് പുതിയ ദൗത്യം. ആളുകൾ പുഴയെ കുപ്പത്തൊട്ടിയായാണ് കാണുന്നതെന്ന് വിഷമത്തോടെ രാജൻ പറയുന്നു.
ജപ്തി ഒഴിവായി, പക്ഷേ...
2018ൽ മകൻ യദുരാജിന്റെ ഉപരിപഠനത്തിനും മകൾ പൂജയുടെ വിവാഹത്തിനും വേണ്ടി കണ്ണൂർ ജില്ലാ ബാങ്കിന്റെ കണ്ണപുരം ശാഖയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വായ്പയെടുത്തു. വീടും 5.5 സെന്റ് ഭൂമിയും ഈടായി നല്‍കി. തന്റെ 1.9 ഏക്കർ കണ്ടൽ ഭൂമി വനംവകുപ്പ് ഉടൻ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജൻ. പ്രളയവും കൊവിഡും ഒന്നിച്ചു വന്നതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 9 ലക്ഷമായി. കഴിഞ്ഞ മാസം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പലിശ ഒഴിവാക്കി, ഭാര്യ സേതുലക്ഷ്മിയുടെയും മകൾ പൂജയുടെയും സ്വർണം പണയം വച്ച് കഴിഞ്ഞ മാസം കടം തീർത്തു. വീട് രക്ഷപ്പെട്ടു. പക്ഷേ, താലിമാല അടക്കം പൊന്ന് തിരിച്ചെടുക്കാൻ ഇനിയും കഷ്ടപ്പെടണം. വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വിജ്ഞാപനം ചെയ്ത ഭൂമി ഇതുവരെ ഏറ്റെടുത്തിട്ടില്ല. വിൽക്കാൻ നിയമം അനുവദിക്കുകയുമില്ല. ഈ ദുരിതത്തിൽ നിന്ന് കരകയറാൻ മുഖ്യമന്ത്രി വി.ഡി.സതീശനും വനംവകുപ്പിനും നിവേദനം നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |