
നടപടി വേഗത്തിലാക്കാൻ രൂപരേഖ
കൊച്ചി: സി.എം.ആർ.എല്ലിനെതിരായ മാസപ്പടിക്കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അനുമതി നൽകിയതോടെ, മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ, സി.എം.ആർ.എൽ ഉദ്യോഗസ്ഥർ എന്നിവരെ ഇ.ഡി ഉടൻ ചോദ്യം ചെയ്യുമെന്ന് സൂചന. സി.എം.ആർ.എല്ലിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ തിങ്കളാഴ്‌ചയേ കഴിയൂ. ഇന്നും നാളെയും അപ്രതീക്ഷിത നീക്കങ്ങൾക്കു സാദ്ധ്യതയുണ്ട്.
കൊച്ചിയിലെത്തിയ ഇ.ഡി ഡയറക്‌ടർ രാഹുൽ നവിൻ നേരിട്ട് കേസ് വിലയിരുത്തി. അതിവേഗ നടപടികൾക്ക് രൂപരേഖ നിശ്ചയിച്ചതായാണ് സൂചന. ഇലക്ട്രോണിക് തെളിവുകളുടെയും റെയ്ഡുകളിൽ പിടിച്ചെടുത്ത രേഖകളുടെയും പരിശോധന വേഗത്തിലാക്കി. മരവിപ്പിച്ച 18.36 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടന്നു.
ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ആക്രമിച്ചതുൾപ്പെടെ ഇ.ഡിയുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസുകളിൽ പ്രത്യേകശ്രദ്ധ പുലർത്തണമെന്ന് പ്രോസിക്യൂഷൻ വിഭാഗത്തിനും ഡയറക്ടർ നിർദ്ദേശം നൽകി.
ചെന്നൈ സോണൽ ഓഫീസിലെ സ്‌പെഷ്യൽ ഡയറക്‌ടർ പ്രശാന്ത് കുമാർ, കൊച്ചി ഓഫീസിന്റെ ചുമതല വഹിക്കുന്ന ചെന്നൈയിലെ അഡിഷണൽ ഡയറക്‌ടർ അഭ്യുദയ് എ.ആനന്ദ് എന്നിവർക്കുപുറമെ, ഡൽഹി ആസ്ഥാനത്തെ പ്രോസിക്യൂഷൻ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കടവന്ത്രയിലെ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.
പരാതി ഇല്ലെങ്കിലും ഇ.ഡിക്ക്
അന്വേഷിക്കാം: ഹൈക്കോടതി
പി.എം.എൽ.എ (കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമം) പ്രകാരം ഇ.ഡിക്ക് സിവിൽ നടപടി തുടങ്ങുന്നതിന് ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ മുൻകൂർ എഫ്.ഐ.ആറോ പരാതിയോ അനിവാര്യമല്ലെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മാസപ്പടിക്കേസിൽ സിംഗിൾബെഞ്ച് നൽകിയ അന്വേഷണാനുമതിക്ക് എതിരെ സി.എം.ആർ.എൽ സമർപ്പിച്ച അപ്പീലാണ് തള്ളിയത്.
ഷെഡ്യൂൾഡ് ഒഫെൻസ് ബാധകമല്ല
1.അന്വേഷണത്തിന് പ്രത്യേക കുറ്റം (ഷെഡ്യൂൾഡ് ഒഫെൻസ്) സ്ഥാപിക്കണമെന്ന വ്യവസ്ഥ പ്രോസിക്യൂഷനുമായി ബന്ധപ്പെട്ടാണ്. നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമുള്ള കണ്ടുകെട്ടൽ പോലുള്ള സിവിൽ നടപടികൾക്ക് ഈ നിബന്ധന ബാധകമല്ല. സമൻസ് അയയ്‌ക്കുന്ന ഘട്ടത്തിൽ ആരും പ്രതിയാകുന്നില്ല.
2. കേസുമായി ബന്ധപ്പെട്ട ഓഫീസ് രേഖ മാത്രമാണ് ഇ.ഡിയുടെ ഇ.സി.ഐ.ആർ. പൊലീസിന്റെ എഫ്.ഐ.ആറിന് തുല്യമായ നിയമസാധുത ഇതിനില്ല. അതിനാൽ ഇ.സി.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം നിലനിൽക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |