SignIn
Kerala Kaumudi Online
Sunday, 14 June 2026 2.31 AM IST

അഭിഭാഷക നിയമനത്തിലും സർക്കാരിന് കൈപൊള്ളി, ഒരു മാസത്തിനിടെ 2 രാജി

vds

തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചയാൾ 24 മണിക്കൂറിനുള്ളിൽ രാജിവയ്‌ക്കേണ്ടി വന്നത് സർക്കാരിന് നാണക്കേടായി. സർക്കാരിന്റെ മുഖം രക്ഷിക്കാൻ അഭിഭാഷകൻ കെ.ബി.പ്രദീപിനോട് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെടുകയായിരുന്നു. പ്രധാന സ്ഥാനങ്ങളിലേക്ക് നിയമിച്ച രണ്ടുപേരാണ് ഒരാഴ്ചയ്ക്കുള്ളിൽ രാജിവച്ചത്. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് ബെന്നി തോമസിനെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമാവുകയും രാജിവയ്ക്കേണ്ടിവരികയും ചെയ്തിരുന്നു.

നിയമനങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് വിശാല കെ.പി.സി.സി യോഗം നിർദ്ദേശിച്ചതിനു പിന്നാലെ നടത്തിയ സർക്കാർ അഭിഭാഷക നിയമനത്തിലാണ് കൈപൊള്ളിയത്. സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായുള്ള കെ.ബി.പ്രദീപിന്റെ നിയമനത്തിൽ രൂക്ഷമായ വിമർശനവും ഗുരുതര ആരോപണവുമാണ് സർക്കാരിന് നേരിടേണ്ടി വന്നത്. ശബരിമല സ്വർണക്കൊള്ള പ്രധാന പ്രചാരണായുധമാക്കി അധികാരത്തിൽ വന്ന സർക്കാർ, പ്രതിക്കുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനാക്കിയത് യു.ഡി.എഫ് നേതാക്കളെ അമ്പരപ്പിച്ചു. നിയമനം മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരനും പാർട്ടിയുടെ അറിവോടെയല്ല നിയമനമെന്ന് കെ.പി.സി.സി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫും പ്രതികരിച്ചതോടെ മുഖ്യമന്ത്രി വെട്ടിലായി. നിയമനം രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ നിലപാട്.


പ്രദീപിന്റെ രാഷ്ട്രീയ പശ്ചാത്തലംപോലും പരിഗണിക്കാതെയാണ് നിയമനമെന്നും വിമർശനം ഉയർന്നു. ബി.ജെ.പി അനുകൂല നിലപാടുള്ള കെ.ബി.പ്രദീപിന് എങ്ങനെ നിയമനം ലഭിച്ചുവെന്ന ഗുരുതര ചോദ്യവുമായി ലോയേഴ്സ് കോൺഗ്രസും രംഗത്തെത്തി. പ്രതിപക്ഷം ഇതു വലിയ ആയുധമാക്കി മാറ്റി. സ്വർണം കട്ടവർക്കെതിരെ വാദിക്കാൻ അവരുടെ ഏജന്റു തന്നെ സർക്കാരിനായി ഹാജരാകുന്നുവെന്നായിരുന്നു ആരോപണം. ബി.ജെ.പിയും ആരോപണമുയർത്തി.

വിവാദം കൊഴുത്തതോടെ രാജി

ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിപ്പട്ടികയിലുള്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായ കെ.ബി.പ്രദീപ് ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യൽ ഗവ. പ്ലീഡർ സ്ഥാനം രാജി വച്ചത് വിവാദം കൊഴുത്തതോടെ.

പ്രദീപിന്റെ നിയമനത്തിൽ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം, ശബരിമല സ്‌പെഷ്യൽ കമ്മിഷണറെ ആശങ്ക അറിയിച്ചു. അന്വേഷണ വിവരങ്ങൾ പ്രതികൾക്ക് ചോരുമെന്നായിരുന്നു ആശങ്ക. സ്‌പെഷ്യൽ കമ്മിഷണർ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും സാദ്ധ്യതയുണ്ടായിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി കെ.ബി.പ്രദീപ് ഹാജരായത്. നിലവിൽ ദേവസ്വം വകുപ്പിന് സ്‌പെഷ്യൽ ഗവ. പ്ലീഡർ തസ്തികയില്ല. പുതുതായി തസ്തിക സൃഷ്ടിച്ച് കെ.ബി.പ്രദീപിനെ നിയമിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA