
ആലപ്പുഴ: നവകേരള ബസിന് നേരെ പ്രതിഷേധിച്ച എ.ഡി.തോമസ് എം.എൽ.എയെയും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജ്യുവൽ കുര്യാക്കോസിനെയും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗരക്ഷകരായ അഞ്ചംഗ സംഘം മർദ്ദിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ (എസ്.എ.ടി)അന്വേഷണം തലസ്ഥാനത്തേക്ക്. എ.ഡി.തോമസിന്റെ തലയ്‌ക്കടിക്കാൻ ഉപയോഗിച്ച ലാത്തി കണ്ടെത്തുന്നതിനും കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ശ്രമവും അന്വേഷിക്കാനാണ് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. അംഗരക്ഷകർ യാതൊരുപ്രകോപനവുമില്ലാതെ ഇരുവരെയും തല്ലിച്ചതച്ചതിന് പിന്നിൽ ആരുടെയോ നിർദേശം ഉണ്ടായിരുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. ഇതറിയാൻ കോൾവിശദാംശങ്ങൾ ശേഖരിക്കും. ലാത്തികൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
എ.ഡി.ജി.പി എം.ആർ അജിത്കുമാർ അന്നത്തെ അന്വേഷണ സംഘത്തെ വിളിച്ചുവരുത്തി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ സഹായത്തോടെ കേസ് ഡയറി തിരുത്തിയതായി മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ എ.ഡി.ജി.പി ഓഫീസിലെ സി.സി .ടി.വി ദൃശ്യങ്ങളും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെ മൊഴികളും ശേഖരിക്കാൻ ശ്രമം തുടങ്ങി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും നടപടികൾക്കും ശുപാർശചെയ്തുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമാണിത്.
എ.പി ഷൗക്കത്തലി
തലവനായി തുടരും
കേസ് അന്വേഷണ സംഘത്തലവൻ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പിയായ എ.പി ഷൗക്കത്തലിയെ കോഴിക്കോട് കമ്മിഷണറായി നിയമിച്ചതോടെ അദ്ദേഹം ഇന്ന് ക്രൈംബ്രാഞ്ച് എസ്.പിയുടെ ചുമതല വിടുമെങ്കിലും പ്രത്യേക അന്വേഷണസംഘത്തലവനായി തുടരുമെന്നാണ് വിവരം.
കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി വേണുഗോപാലിനെയാണ് ആലപ്പുഴയിൽ പകരം നിയമിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ഗൺമാൻമാരെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം അറസ്റ്ര് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാണ് പ്രത്യേക അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ അനുവദിച്ച ഒരു മാസത്തെ സമയപരിധി 18ന് അവസാനിക്കും. ഫോറൻസിക് ഫലങ്ങളുൾപ്പെടെ ചിലതെളിവുകൾ കൂടി ലഭ്യമാകേണ്ടതിനാൽ അന്തിമ റിപ്പോർട്ടിന് സർക്കാർ സമയം നീട്ടി നൽകിയേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |