കൊച്ചി: പൊതുഇടങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചവർക്കെതിരേ ഒരു മാസത്തിനിടെ ഒരുകോടിരൂപ പിഴയിട്ടുവെന്ന് സർക്കാർ ഹൈക്കോടതിയിൽ.ഇതിൽ 10ലക്ഷംരൂപ പിരിഞ്ഞുകിട്ടിയതായും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നടപടികൾ ഊർജ്ജിതമായതിൽ തൃപ്തി രേഖപ്പെടുത്തിയെങ്കിലും ബോർഡുകൾ വീണ്ടും പ്രത്യക്ഷപ്പെടുന്നത് കോടതി ചൂണ്ടിക്കാട്ടി. പൊലീസ് മേധാവിയുടെ പടമുള്ള ഫ്ലക്സുകൾവരെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പിന്നെങ്ങനെയാണ് നടപടിക്ക് നിർദ്ദേശിക്കുകയെന്നും ജസ്റ്റിസ് ദേവൻരാമചന്ദ്രൻ ചോദിച്ചു. വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും ഓൺലൈനായി ഹാജരായ തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറിമാർ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങൾ പിഴചുമത്തിയെങ്കിലും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തവ കുറവാണെന്ന് അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടി. ബോർഡുകൾ സ്ഥാപിച്ച ഏജൻസികളെ വ്യക്തമാകാത്തതാണ് കാരണമെന്ന് സർക്കാർ വിശദീകരിച്ചു. എല്ലാ ബോർഡുകളിലും പ്രിന്ററുടെ പേര് നിർബന്ധമാക്കി ഉത്തരവുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ ഇടപാടുകളാണ് പ്രശ്നം. ഉത്തരവ് പാലിച്ചില്ലെങ്കിൽ പ്രിന്റർമാരുടെ ലൈസൻസ് പുതുക്കില്ലെന്ന് നിർദ്ദേശിക്കാൻ സർക്കാർ നട്ടെല്ലുകാട്ടണം. എന്താണ് രാഷ്ട്രീയക്കാർക്കും മറ്റും വിഷയം മനസിലാകാത്തത്. അവർക്ക് നാടിനോടല്ലേ മമത? അനധികൃതബോർഡുകൾക്കെതിരായ നടപടികൾ ശക്തമാക്കുന്നതിന് ജില്ലാതലയോഗങ്ങൾ രണ്ടാഴ്ചയ്ക്കകം നടത്തി തീരുമാനങ്ങൾ അറിയിക്കണമെന്ന് ജോ.ഡയറക്ടർമാർക്ക് കോടതി നിർദ്ദേശം നൽകി. ക്രിമിനൽകേസ് അടക്കമുള്ള തുടർനടപടികളിൽ ചീഫ്സെക്രട്ടറിയും ഡി.ജി.പിയും സത്യവാങ്മൂലം സമർപ്പിക്കണം. പുതിയ ഉത്തരവുകളിറക്കുന്നതും സർക്കാർ പരിഗണിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |